റാഫ ആക്രമിക്കുമെന്ന് ആവർത്തിച്ച് നെതന്യാഹു
Wednesday, May 1, 2024 2:08 AM IST
ടെഹ്റാൻ: തെക്കൻ ഗാസ നഗരമായ റാഫയിൽ കരയുദ്ധം നടത്തുമെന്നാവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസുമായി സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.
വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള സന്ധിചർച്ചകൾ പുരോഗമിക്കുന്നതിനിടെ പിന്നോട്ടില്ലെന്ന് ഇസ്രയേൽ ആവർത്തിക്കുന്നതു ചർച്ചകളെ പിന്നോട്ടടിച്ചേക്കും. ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയിലാണു സമാധാന കരാർ ഉണ്ടായാലും ഇല്ലെങ്കിലും റാഫയിൽ ആക്രമണം നടത്തുമെന്നു നെതന്യാഹു വ്യക്തമാക്കിയത്.
എന്നാൽ, വെടിനിർത്തൽ കരാർ ഉണ്ടായാൽ റാഫയെ ആക്രമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുമെന്ന് ഇസ്രേലി അധികൃതർ പറഞ്ഞതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സും, കരാറുണ്ടായാൽ റാഫ ആക്രമണം തത്കാലം നിർത്തിവയ്ക്കുമെന്ന് പറഞ്ഞിരുന്നു.
ഇക്കാര്യമെല്ലാം അപ്രസക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കരാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും റാഫയിൽ കടക്കുകതന്നെ ചെയ്യും. ഹമാസ് ബറ്റാലിയനെ പൂർണമായും ഇല്ലാതാക്കും- നെതന്യാഹു പറഞ്ഞു.