സിഡ്നി കത്തിയാക്രമണം: ഷോപ്പിംഗ് മാൾ തുറന്നു
Friday, April 19, 2024 3:33 AM IST
സിഡ്നി: ആറു പേരുടെ മരണത്തിനിടയാക്കിയ കത്തിയാക്രമണം നടന്ന ഷോപ്പിംഗ് മാൾ പൊതുജനങ്ങൾക്കായി വ്യാഴാഴ്ച തുറന്നുകൊടുത്തു. അതിനിടെ ഷോപ്പിംഗ് മാളിലെ അക്രമിയെ തടയുന്നതിനിടെ പരിക്കേറ്റ കുടിയേറ്റക്കാരനായ സെക്യൂരിറ്റി ഗാർഡിന് ഓസ്ട്രേലിയൻ പൗരത്വം നൽകി. പ്രധാനമന്ത്രിയാണു പൗരത്വം നൽകിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സിഡ്നിയിലെ വെസ്റ്റ്ഫീൽഡ് ബോണ്ടി ജംഗ്ഷനിലെ മാളിൽ ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്ന് മാൾ അടച്ചു. അക്രമിയെ പോലീസ് വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു.
പാക്കിസ്ഥാൻകാരനായ സെക്യൂരിറ്റി ഗാർഡ് മുഹമ്മദ് താഹയ്ക്കാണ് പൗരത്വം നൽകിയത്. താഹ ഉൾപ്പെടെ അക്രമികളെ നേരിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി ആന്തണി അൽബനീസ് അഭിനന്ദിച്ചു.
താഹയ്ക്ക് വയറ്റിലാണ് കുത്തേറ്റത്. താത്കാലിക വീസയിലാണ് താഹ ഓസ്ട്രേലിയയിൽ ജോലിചെയ്തുവന്നിരുന്നത്. വീസയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് താഹയ്ക്ക് പൗരത്വം ലഭിച്ചത്.
സിഡ്നിയിൽ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പിനു നേരേ കത്തിയാക്രമണം നടത്തിയ പതിനാറുകാരൻ പോലീസ് കസ്റ്റഡിയിലാണ്. മതതീവ്രവാദമാണ് പള്ളിയിലുണ്ടായ ആക്രമണത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു.