ഖാർകീവിൽ റഷ്യൻ ഡ്രോൺമഴ; നാലു പേർ കൊല്ലപ്പെട്ടു
Friday, April 5, 2024 1:41 AM IST
കീവ്: യുക്രെയ്നിലെ ഖാർകീവിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു.
12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയിൽ 15 ഡ്രോണുകളാണ് ഖാർകീവിനു നേരേ റഷ്യ തൊടുത്തത്. ഇതിൽ ചിലത് യുക്രെയ്ൻ വെടിവച്ചിട്ടു- പ്രാദേശിക ഗവർണർ ഒലെഹ് സിനീഹുബോവ് പറഞ്ഞു.
നേരത്തേയുണ്ടായ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. ബഹുനിലക്കെട്ടിടം തകർന്നായിരുന്നു മരണം. രക്ഷാപ്രവർത്തകരാണ് മരണപ്പെട്ടത്. ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മറ്റൊരു 14 നില കെട്ടിടത്തിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിൽ 69 വയസുള്ള സ്ത്രീ മരിച്ചു. അടുത്തിടെ ഖാർകീവിനു നേരേ റഷ്യൻ സൈന്യം നിരന്തര ആക്രമണം നടത്തിവരികയാണ്.
യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർഖീവ് റഷ്യക്കു സമീപമാണ്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് ഖാർകീവിനു നേരേ റഷ്യ പ്രയോഗിക്കുന്നത്.
യുക്രെയ്നിലെ ഊർജസംവിധാനത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ ഖാർകീവിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലായി. സ്ഥിതിഗതികൾ ഇപ്പോഴും പഴയനിലയിലേക്ക് എത്തിയിട്ടില്ല.