ഹോളിവുഡ് താരം ലൂയിസ് ഗോസെറ്റ് ജൂനിയർ അന്തരിച്ചു
Sunday, March 31, 2024 12:59 AM IST
ലോസ് ആഞ്ചലസ്: ഹോളിവുഡ് ചലച്ചിത്ര-ടെലിവിഷൻ താരം ലൂയിസ് ഗോസെറ്റ് ജൂനിയർ (87) അന്തരിച്ചു. താരത്തിന്റെ കുടുംബത്തെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നാണ് വാർത്ത പുറത്തുവിട്ടത്.
കലിഫോർണിയയിലെ സാന്താ മോണിക്കയിലെ ഒരു പുനരധിവാസ കേന്ദ്രത്തിൽ വച്ചാണ് താരം മരിച്ചത്. ഗോസെറ്റിന്റെ മരണകാരണം വ്യക്തമല്ലെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖം അദേഹത്തെ അലട്ടിയിരുന്നു.
സഹനടനുള്ള ഓസ്കർ അവാർഡ് നേടിയ ആദ്യ ആഫ്രിക്കൻ വംശജൻ എന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ലൂയിസ് ഗോസെറ്റ്. ‘ആൻ ഓഫീസർ ആൻഡ് എ ജെന്റിൽമാൻ’ ചിത്രത്തിലെ അഭിനയത്തിനാണ് ഈ പുരസ്കാരം നേടിയത്.
കൗമാരത്തിൽത്തന്നെ നാടകത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അദ്ദേഹം പിന്നീട് ലോകചരിത്രത്തിൽ ഇടം നേടിയ താരമായി മാറുകയായിരുന്നു. ‘ടേക് എ ജയന്റ് സ്റ്റെപ്പ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സെമിനൽ ടിവി മിനി സീരിസായ റൂട്ട്സിലെ അഭിനയത്തിന് എമ്മി അവാർഡും ലൂയിസ് നേടിയിട്ടുണ്ട്.