വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
Friday, March 29, 2024 12:52 AM IST
വത്തിക്കാൻസിറ്റി: വീരോചിതമായ സാക്ഷ്യത്തിന് വൈദികർക്കു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. പോരായ്മകളും തെറ്റുകളും ക്രിസ്തുവിലേക്ക് അടുക്കാനും പുതുജീവിതം ആരംഭിക്കാനുമുള്ള അവസരമാക്കി മാറ്റണമെന്നും മാർപാപ്പ പറഞ്ഞു.
പെസഹാദിനമായ ഇന്നലെ രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ മുറോൻ കൂദാശ ചെയ്ത ചടങ്ങിൽ വൈദികരോടൊപ്പം വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
പ്രിയ വൈദികരേ, നിങ്ങളുടെ തുറന്നതും അനുസരണയുള്ളതുമായ ഹൃദയങ്ങൾക്ക് നന്ദി. നിങ്ങളുടെ എല്ലാ കഠിനാധ്വാനത്തിനും കണ്ണീരിനും നന്ദി. കാരണം ഇന്നത്തെ ലോകത്തിലെ നമ്മുടെ സഹോദരീ സഹോദരന്മാർക്ക് ദൈവത്തിന്റെ കരുണയുടെ അത്ഭുതം നിങ്ങൾ കാണിച്ചുകൊടുക്കുന്നു. കർത്താവ് നിങ്ങളെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പ്രതിഫലം നൽകുകയും ചെയ്യട്ടെ. പാപപരിഹാരാർഥം ക്രൂശിതനെ നോക്കി കണ്ണീരൊഴുക്കണം.
ആ കണ്ണീർ ഹൃദയത്തെ പവിത്രീകരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യും. -മാർപാപ്പ പറഞ്ഞു. വിശുദ്ധ നാട്ടിലും ലോകത്തിലെ ഇതര സംഘർഷപ്രദേശങ്ങളിലും യേശുവിനു ധീരോദാത്തം സാക്ഷ്യം പറയുന്ന വൈദികരെ പ്രത്യേകം അനുസ്മരിച്ച മാർപാപ്പ, വൈദികരുടെ സഹനങ്ങൾക്കു ദൈവം പ്രതിഫലം തരുമെന്നും പറഞ്ഞു.
വിശുദ്ധ കുർബാനയിൽ 42 കർദിനാൾമാർ, 42 ബിഷപ്പുമാർ, 1800 വൈദികർ എന്നിവർ സഹകാർമികരായിരുന്നു. വൈകുന്നേരം റോമിലെ വനിതാ ജയിലിൽ ഫ്രാൻസിസ് മാർപാപ്പ കാൽകഴുകൽ ശുശ്രൂഷ നടത്തി. പീഡാനുഭവ വെള്ളിയായ ഇന്നു രാത്രി 9.15 ന് റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിനു ചുറ്റും നടക്കുന്ന കുരിശിന്റെ വഴിയിൽ മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
മാർപാപ്പതന്നെ രചിച്ച പ്രാർഥനകളായിരിക്കും കുരിശിന്റെ വഴിയില്14 സ്ഥലങ്ങളിലും ചൊല്ലുക. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ശനിയാഴ്ച രാത്രി നടക്കുന്ന ഉത്ഥാനത്തിരുനാളിന്റെ തിരുക്കർമങ്ങളിലും മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
ഞായറാഴ്ച പതിവുപോലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയുടെ കാർമികത്വത്തിൽ ആഘോഷമായ ഉയിർപ്പുതിരുനാൾ വിശുദ്ധ കുർബാനയും ഉച്ചയ്ക്ക് ഉർബി എത്ത് ഒർബി ആശീർവാദവും ഉണ്ടായിരിക്കും.