മോസ്കോ ഭീകരാക്രമണം; സഹായം നൽകിയ സഹോദരങ്ങളും പിതാവും കസ്റ്റഡിയിൽ
Wednesday, March 27, 2024 1:33 AM IST
മോസ്കോ: മോസ്കോ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേർകൂടി കസ്റ്റഡിയിൽ. രണ്ട് യുവാക്കളും ഇവരുടെ പിതാവുമാണ് കസ്റ്റഡിയിലായിരിക്കുന്നത്.
ഇവരെ കസ്റ്റഡിയിലെടുത്ത നടപടിക്ക് മോസ്കോയിലെ ബാസ്മാനി ജില്ലാ കോടതി അംഗീകാരം നൽകി. ഇസ്രോയിൽ ഇസ്ലമോവ്, ഇയാളുടെ മക്കളായ ദിലോവർ ഇസ്ലമോവ്, അമിൻചോൻ ഇസ്ലമോവ് എന്നിവരാണ് കസ്റ്റഡിയിലായത്.
ഇവർക്കെതിരേ, ഭീകരപ്രവർത്തനം നടത്തിയെന്ന കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. കുറ്റം തളിഞ്ഞാൽ ജീവപര്യന്തം തടവ് ലഭിക്കാം. ഇസ്ലമോവ് കുടുംബം ഭീകരർക്ക് താമസസൗകര്യവും കാറും പണവും നൽകിയതായി അന്വേഷണസംഘത്തലവൻ അലക്സാണ്ടർ ബാസ്ട്രിക്കിൻ പറഞ്ഞു.
ഇസ്രോയിൽ ഇസ്ലമോവ് താജിക്കിസ്ഥാന്റെ തലസ്ഥാനമായ ദുഷാൻബെയിലാണ് ജനിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രോയിലിന് തജാക്കിസ്ഥാൻ പൗരത്വവും റഷ്യൻ റെസിഡൻസ് പെർമിറ്റുമുണ്ട്. ദിലോവറും അമിൻചോനും റഷ്യൻ പൗരന്മാരാണ്. ഇവർ ടാക്സി ഡ്രൈവർമാരായി ജോലി ചെയ്തുവരികയാണ്.