ഗാസ: വെടിനിർത്തൽ ചർച്ച പുനരാരംഭിക്കുന്നു
Sunday, March 17, 2024 1:32 AM IST
കെയ്റോ: ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ചകൾ ഖത്തറിൽ ഇന്നാരംഭിക്കുമെന്ന് ഈജിപ്ത്. റംസാൻ വ്രതാരംഭത്തിനു മുൻപ് വെടിനിർത്തൽ ഉണ്ടാകുമെന്നാണു കരുതിയിരുന്നത്. എന്നാൽ ഗാസയിൽ ശാശ്വതമായ വെടിനിർത്തലിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നു ഹമാസും ഇതിന് വഴങ്ങാതെ ഇസ്രയേലും നിലപാടെടുത്തതോടെ ചർച്ച വഴിമുട്ടുകയായിരുന്നു.
ഇതിനു ശേഷം ഇതാദ്യമായാണ് ഇരുകക്ഷികളും മധ്യസ്ഥമേശയ്ക്ക് ഇരുപുറവും എത്തുന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതിനു മൂന്നു ഘട്ടങ്ങളായുള്ള പുതിയ നിർദേശമാണു ഹമാസ് മുന്നോട്ടുവച്ചിരിക്കുന്നത്. ആദ്യഘട്ടമായി ആറാഴ്ചത്തേക്ക് വെടിനിർത്തൽ ഉണ്ടാകുമ്പോൾ 35 ബന്ദികളെ ഹമാസും 350 ബന്ധികളെ ഇസ്രയേലും വിട്ടയയ്ക്കണം.
ഇസ്രയേൽ പിടികൂടിയ 50 പലസ്തീനികൾക്ക് പകരമായി ഹമാസ് 50 വനിതാ സൈനികരെ വിട്ടയയ്ക്കും. ഗാസയിലെ രണ്ട് പ്രധാന റോഡുകളിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങുകയും യുദ്ധത്തിൽ തകർന്ന വടക്കൻ ഗാസയിലേക്കു സഹായം എത്തുന്നതിന് അനുവദിക്കുകയും ചെയ്യുക എന്നതാണു മറ്റൊരു വ്യവസ്ഥയെന്ന് മധ്യസ്ഥത വഹിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ, ഇരുപക്ഷവും ശാശ്വത വെടിനിർത്തൽ പ്രഖ്യാപിക്കും. ഇസ്രയേൽ ബന്ദികളാക്കിയ പലസ്തീനികൾക്കു പകരം ഹമാസ് ഇസ്രയേൽ സൈനികരെ മോചിപ്പിക്കും. മൂന്നാം ഘട്ടത്തിൽ, ഗാസയ്ക്കുമേലുള്ള ഉപരോധം ഇസ്രയേൽ നീക്കുകയും പുനർനിർമാണം ആരംഭിക്കാൻ അനുവദിക്കുകയും ചെയ്യണം.
പകരമായി, ഹമാസ് തങ്ങളുടെ കൈവശമുള്ള മൃതദേഹങ്ങൾ കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഈ നിർദേശത്തെ യാഥാർഥ്യത്തിന് നിരക്കാത്തതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. എന്നിരുന്നാൽ തന്നെയും ചർച്ചകൾക്കായി പ്രതിനിധികളെ ഖത്തറിലേക്ക് അയയ്ക്കാൻ അദ്ദേഹം സമ്മതിച്ചു.
ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാതെ ശാശ്വത സമാധാനത്തിന് തയാറല്ലെന്നാണ് നെതന്യാഹുവിന്റെ പക്ഷം. വെടിനിർത്തൽ നിർദേശങ്ങളെ ഇസ്രയേൽ തള്ളി. റാഫ ആക്രമിക്കാനുള്ള സൈനിക നീക്കത്തിന് നെതന്യാഹു അംഗീകാരം നൽകിയതായാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുന്നത്.