വടക്കൻ ഗാസയിൽ സഹായമെത്തിച്ചു
Thursday, March 14, 2024 1:16 AM IST
ടെൽ അവീവ്: പുതിയ റൂട്ടിലൂടെ വടക്കൻ ഗാസയിൽ ഭക്ഷണം എത്തിച്ചതായി യുഎൻ അറിയിച്ചു. ഗാസ അതിർത്തിയിലെ ഇസ്രേലി സൈനികറോഡിലൂടെയാണു ചൊവ്വാഴ്ച രാത്രി ലോക ഭക്ഷ്യപദ്ധതിയുടെ ആറു ലോറികൾ വടക്കൻ ഗാസയിലെത്തിയത്.
അതേസമയം 25,000 പേർക്കുള്ള ഭക്ഷണം മാത്രമാണു ലോറികളിലുള്ളത്. മൂന്നു ലക്ഷം പേരുള്ള വടക്കൻ ഗാസയിൽ മൂന്നാഴ്ചയ്ക്കു ശേഷമാണു ഭക്ഷണമെത്തുന്നത്. ഹമാസ് ഭീകരർ ഭക്ഷണം തട്ടിയെടുക്കുന്നത് ഒഴിവാക്കാനാണു പുതിയ റൂട്ട് ഉപയോഗിച്ചത്.
ക്ഷാമത്തിന്റെയും പകർച്ചവ്യാധിയുടെയും വക്കിൽ നിൽക്കുന്ന ഗാസയിൽ സഹായവിതരണം നടത്താൻ ഇസ്രയേലിനുമേൽ അന്താരാഷ്ട്ര സമ്മർദം വർധിക്കുകയാണ്. അഞ്ചേമുക്കാൽ ലക്ഷം പേർ വൈകാതെ പട്ടിണിയുടെ പിടിയിലാകുമെന്നു യുഎൻ മുന്നറിയിപ്പു നല്കുന്നു.
ഗാസയ്ക്കുള്ള സഹായവസ്തുക്കളുമായി സൈപ്രസിൽനിന്നു കപ്പൽ പുറപ്പെട്ടിട്ടുണ്ട്. പുതുതായി രൂപീകരിച്ച സമുദ്ര ഇടനാഴിയിലൂടെയാണ് കപ്പലെത്തുക.
ഇതിനിടെ, ഗാസയിൽ പട്ടിണിയും ആയുധമാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസഫ് ബോറൽ ആരോപിച്ചു. ഗാസയ്ക്കു സഹായം നിഷേധിക്കുന്നത് മനുഷ്യനിർമിത ദുരന്തമാണെന്നും യുഎൻ രക്ഷാസമിതിയെ അഭിസംബോധന ചെയ്ത അദ്ദേഹം കൂട്ടിച്ചേർത്തു.