ബോയിംഗിന്റെ വീഴ്ചകൾ പരസ്യമാക്കിയ ജോൺ ബാർനെറ്റ് മരിച്ച നിലയിൽ
Wednesday, March 13, 2024 12:06 AM IST
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും വലിയ വിമാനനിർമാണ കന്പനിയായ ബോയിംഗ് ഉത്പാദനമേഖലയിൽ വരുത്തിയ വീഴ്ചകൾ പുറംലോകത്തെ അറിയിച്ച മുൻ ജീവനക്കാരൻ ജോൺ ബാർനെറ്റിനെ (62) മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ സൗത്ത് കരോളൈന സംസ്ഥാനത്ത് ചാൾസ്റ്റൺ കൗണ്ടിയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം മുറിവേൽപിച്ചാണ് മരണമെന്ന് അധികൃതർ പറഞ്ഞു.
ബോയിംഗിനെതിരായ കേസിൽ തെളിവു നല്കിക്കൊണ്ടിരിക്കേയാണ് ബാർനെറ്റിന്റെ മരണം. 2017ൽ വിരമിക്കുന്നതു വരെ 32 വർഷം ബോയിംഗിൽ ജോലിചെയ്തിരുന്നു. അവസാനകാലത്ത് ക്വാളിറ്റി കൺട്രോൾ മാനേജരായിരുന്നു.
ദീർഘദൂര യാത്രകൾക്കായി ബോയിംഗ് വികസിപ്പിച്ച ഡ്രീംലൈനർ മോഡൽ വിമാനങ്ങൾ തിടുക്കത്തിൽ ഉത്പാദിപ്പിക്കാനുള്ള കന്പനിയുടെ നീക്കത്തിനിടെ സുരക്ഷയുമായും ഗുണനിലവാരവുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ വീഴ്ചയുണ്ടായി എന്നാണ് ബാർനെറ്റ് വെളിപ്പെടുത്തിയത്.
ബോയിംഗ് ഇത് നിഷേധിച്ചെങ്കിലും ബാർനെറ്റിന്റെ ആരോപണങ്ങളിൽ പലതിലും കഴന്പുണ്ടെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കണ്ടെത്തുകയുണ്ടായി.