ഓസ്കറിൽ തിളങ്ങി ഓപ്പൻഹൈമർ; നോളൻ സംവിധായകൻ
Tuesday, March 12, 2024 2:17 AM IST
ലോസ്ആഞ്ചലസ്: ഓസ്കർ പുരസ്കാരങ്ങൾ വാരിക്കൂട്ടി ഓപ്പൻഹൈമർ. മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ തുടങ്ങി ഏഴു പുരസ്കാരങ്ങളാണ് 96-ാമത് ഓസ്കർ പുരസ്കാര വേദിയിൽ ഓപ്പൻഹൈമർ നേടിയത്.
ആണവായുധത്തിന്റെ പിതാവ് എന്ന പേരിൽ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടുകയും ചെയ്യപ്പെട്ട ഭൗതിക ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൻഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഓപ്പൻഹൈമർ.
ഓസ്കർ വേദിയിൽ ഓപ്പൻഹൈമറിന് എതിരാളികളില്ലായിരുന്നുവെന്നുതന്നെ പറയാം. ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഓപ്പൻഹൈമറെ വെള്ളിത്തിരയിൽ അവതരിപ്പിച്ച കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരവും നേടി.
പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി. റോബർട്ട് ഡൗണി ജൂനിയറാണു മികച്ച സഹനടൻ. ഒാപ്പൻഹൈമറിലെ അഭിനയത്തിനാണ് അദ്ദേഹത്തെ പുരസ്കാരം തേടിയെത്തിയത്.
ദ ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനു ഡിവൈൻ ജോയ് റാൻഡോൾഫ് മികച്ച സഹനടിയായി. ലോസ്ആഞ്ചലസിലെ ഡോൾബി തിയറ്ററായിരുന്നു പുരസ്കാര പ്രഖ്യാപനവേദി. ജിമ്മി കിമ്മലായിരുന്നു അവതാരകൻ. തുടർച്ചയായി നാലാം തവണയാണ് അദ്ദേഹം അവതാരകനാകുന്നത്.
നിരാശയോടെ ‘ടു കിൽ എ ടൈഗർ’
നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യൻ ഡോക്യുമെന്ററി ചിത്രം ’ടു കിൽ എ ടൈഗർ’ ഓസ്കറിൽ മത്സരത്തിനുണ്ടായിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
ജാർഖണ്ഡിൽ പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് ടു കിൽ എ ടൈഗർ ഇതുവരെ നേടിയത്. യുക്രെയ്ൻ ഡോക്യുമെന്ററിയായ 20 ഡേയ്സ് ഇൻ മരിയുപോൾ ആണ് പുരസ്കാരം നേടിയത്.