ഹെയ്തി പ്രധാനമന്ത്രി പോർട്ടോറികോയിൽ
Thursday, March 7, 2024 12:43 AM IST
പോർട്ട് ഓ പ്രിൻസ്: ഗുണ്ടാസംഘങ്ങളുടെ ഭീഷണിക്കിടെ സ്വന്തം മണ്ണിൽ കാലുകുത്താൻ കഴിയാതായ ഹെയ്തി പ്രധാനമന്ത്രി ഏരിയൽ ഹെന്റി സമീപരാജ്യമായ പോർട്ടോറികോയിൽ വിമാനമിറങ്ങി. കുറച്ചുദിവസമായി പ്രധാനമന്ത്രി എവിടെയാണെന്നതിനെക്കുറിച്ചു വ്യക്തത ഇല്ലായിരുന്നു.
ഇന്നലെ അമേരിക്കയിലെ ന്യൂ ജഴ്സിയിൽനിന്നു ഹെയ്തിയിലേക്കു പറന്ന ഹെൻറിയുടെ വിമാനം തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ സമ്മതിച്ചില്ല. നേരത്തേ, പ്രധാനമന്ത്രിയുടെ അഭാവത്തിൽ രാജ്യത്ത് അക്രമം അഴിച്ചുവിട്ട ഗുണ്ടാസംഘങ്ങൾ വിമാനത്താവളം പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെത്താണോ ഇറങ്ങാൻ സമ്മതിക്കാതിരുന്നത് എന്നതിൽ വ്യക്തതയില്ല. തുടർന്ന് അയൽരാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കും ഹെൻറിയുടെ വിമാനത്തിനു പ്രവേശനം നിഷേധിച്ചു. ഇതിനു പിന്നാലെയാണ് പ്യൂർട്ടോ റികോ തലസ്ഥാനമായ സാൻ ഹുവാനിൽ ഇറങ്ങിയത്.
കഴിഞ്ഞയാഴ്ച ഗയാനയിലേക്കു പുറപ്പെട്ട ഹെൻറി തുടർന്ന് കെനിയയിലെത്തി ഹെയ്തിയെ ഗുണ്ടാസംഘങ്ങളിൽനിന്നു മോചിപ്പിക്കാൻ വിദേശസേനയെ വിന്യസിക്കാനുള്ള ധാരണയിൽ ഒപ്പുവച്ചിരുന്നു. ഹെൻറി പ്രധാനമന്ത്രിപദം രാജിവയ്ക്കണമെന്നും അല്ലെങ്കിൽ രാജ്യത്ത് ആഭ്യന്തരയുദ്ധവും വംശീയ ഉന്മൂലനവും സംഭവിക്കുമെന്നാണ് ഗുണ്ടാ നേതാവ് ജിമ്മി ചെറിസിയറുടെ ഭീഷണി.
കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി
പോർട്ട് ഓ പ്രിൻസ്: ഹെയ്തിയിൽ ഗുണ്ടാസംഘം അനാഥാലയം ആക്രമിച്ച് മൂന്ന് കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയി. സെന്റ് ജോസഫ് ഡി ക്ലൂനി സഭാംഗങ്ങൾ നടത്തുന്ന ലാ മാഡെലിൻ അനാഥാലയത്തിലാണ് ആക്രമണമുണ്ടായത്.
ഒട്ടേറെ കന്യാസ്ത്രീകൾ ഇവിടെ താമസിക്കുന്നുണ്ട്. ആയുധധാരികൾ അനാഥാലയത്തിൽ അതിക്രമിച്ചുകടന്ന് കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഹെയ്തിയിലെ കത്തോലിക്കാ വൃത്തങ്ങൾ അറിയിച്ചു.
ഹെയ്തിയിൽ മിഷൻ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ക്രൈസ്തവരെ മുന്പു പലപ്പോഴും ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയിട്ടുള്ളതാണ്.