ഷെഹ്ബാസ് ഷരീഫ് വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രി
Monday, March 4, 2024 1:27 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഷെഹ്ബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പാർലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ എതിർസ്ഥാനാർഥി ഒമർ അയൂബ് ഖാനെ 92നെതിരേ 201 വോട്ടുകൾക്കാണു തോൽപ്പിച്ചത്. ഷെഹ്ബാസ് ഇന്ന് പ്രസിഡന്റ് ആരിഫ് അൽവിയുടെ മുന്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
വിജയത്തിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ കാഷ്മീർ വിഷയം എടുത്തിട്ട ഷെഹ്ബാസ്, അയൽക്കാരുമായി ബന്ധം മെച്ചപ്പെടുത്തുമെന്നും പറഞ്ഞു. കാഷ്മീരിനെ പലസ്തീനുമായിട്ടാണ് അദ്ദേഹം താരതമ്യം ചെയ്തത്. കാഷ്മീരികളുടെയും പലസ്തീനികളുടെയും സ്വാതന്ത്ര്യത്തിനായി ദേശീയ അസംബ്ലി പ്രമേയം പാസാക്കണമെന്ന് ഷെഹ്ബാസ് ആവശ്യപ്പെട്ടു.
പാക്കിസ്ഥാന്റെ സുഹൃത്തുക്കളുടെ എണ്ണം വർധിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധചെലുത്തും. അയൽക്കാരടക്കം എല്ലാ മുൻനിര രാജ്യങ്ങളുമായും ബന്ധം മെച്ചപ്പെടുത്തും. വൻകിട കളികളിൽ പാക്കിസ്ഥാൻ പങ്കാളിയാകില്ല. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാൻ കടന്നുപോകുന്നതെന്ന് അദ്ദേഹം സമ്മതിച്ചു.
എഴുപത്തിരണ്ടുകാരനായ ഷെഹ്ബാസ് മുൻ പ്രധാനമന്ത്രിയും പിഎംഎൽ-എൻ പാർട്ടിയുടെ പരമോന്നത നേതാവുമായ നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ്. ഫെബ്രുവരി എട്ടിലെ പൊതു തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന പശ്ചാത്തലത്തിൽ ബിലാവൽ സർദാരി ഭൂട്ടോയുടെ പിപിപിയുമായി ചേർന്ന് സഖ്യകക്ഷി സർക്കാർ രൂപീകരിക്കുകയായിരുന്നു.
2022ൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അവിശ്വാസത്തിൽ താഴെയിറക്കിയപ്പോഴും ബിലാവലിന്റെ പിന്തുണയോടെയാണ് ഷെഹ്ബാസ് പ്രധാനമന്ത്രിയായത്. സഖ്യകക്ഷി ധാരണ പ്രകാരം ബിലാവലിന്റെ പിതാവ് ആസിഫ് അലി സർദാരിക്ക് പ്രസിഡന്റ് പദവി നല്കും.