പിടിഐ സ്വതന്ത്രർ സുന്നി ഇത്തേഹാദ് കൗൺസിലിൽ ചേർന്നു
Friday, February 23, 2024 2:34 AM IST
ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐയുടെ പിന്തുണയോടെ വിജയിച്ച സ്വതന്ത്രർ സുന്നി ഇത്തേഹാദ് കൗൺസിലിൽ(എസ്ഐസി) ചേർന്നു. ദേശീയ അംസബ്ലിയിലേക്കും പ്രവിശ്യ അസംബ്ലിയിലേക്കും വിജയിച്ചവരാണ് എസ്ഐസിയിൽ അംഗത്വമെടുത്തത്.
ദേശീയ അസംബ്ലിയിലെ 89 പേരും ഖൈബർ പഖ്തുൺക്വ നിയസസഭയിലെ 85 പേരും പഞ്ചാബ് നിയമസഭയിലെ 106 പേരുമാണ് എസ്ഐസിയിൽ ചേർന്നത്. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള ക്വോട്ടയിലെ സീറ്റുകൾ ലഭിക്കാനാണ് പിടിഐ സ്വതന്ത്രർ എസ്ഐസിയിൽ ചേർന്നത്. വലുതുപക്ഷ ചായ്വുള്ള എസ്ഐസി സുന്നി മുസ്ലിംകളുടെ പാർട്ടിയാണ്.
അതേസമയം, പിടിഐ അധ്യക്ഷൻ ബാരിസ്റ്റർ ഗോഹർ ഖാൻ, പാർട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാർഥി ഒമർ അയൂബ് ഖാൻ എന്നിവർ എസ്ഐസിയിൽ ചേർന്നില്ല. പിടിഐ സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ളതിനാലാണ് ഗോഹർ ഖാൻ എസ്ഐസിയിൽ ചേരാത്തത്.
പാക്കിസ്ഥാനിൽ സർക്കാർ രൂപവത്കരിക്കാൻ പിഎംഎൽ-എൻ, പിപിപി പാർട്ടികൾ ധാരണയായിട്ടുണ്ട്. പിഎംഎൽ-എൻ നേതാവ് ഷെഹ്ബാസ് ഷരീഫ് പ്രധാനമന്ത്രിയും പിപിപി നേതാവ് അസിഫ് അലി സർദാരി പ്രസിഡന്റും ആകാനാണു ധാരണ.