അഫ്ഗാനിസ്ഥാനിൽ വീണ്ടും പരസ്യ വധശിക്ഷ; രണ്ടു പേരെ വെടിവച്ചു കൊന്നു
Thursday, February 22, 2024 10:55 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും പരസ്യ വധശിക്ഷ നടപ്പാക്കി താലിബാൻ സർക്കാർ. വ്യാഴാഴ്ച തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ സ്റ്റേഡിയത്തിൽ രണ്ട് കുറ്റവാളികളെ പരസ്യമായി വെടിവച്ചു കൊന്നു.
ഗസ്നി നഗരത്തിലെ അലി ലാലയിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ ആരെന്നോ അവരുടെ കുറ്റം എന്തെന്നോ വെളിവാക്കാൻ താലിബാൻ ഭരണകൂടം തയാറായിട്ടില്ല. ഉച്ചയ്ക്ക് ഒന്നോടെയാണ് വധശിക്ഷ നടപ്പാക്കാൻ ആരംഭിച്ചത്.
ഒരു കുറ്റവാളിക്കുനേരേ എട്ടുതവണയും മറ്റൊരാൾക്കു നേരേ ഏഴു തവണയും നിറയൊഴിച്ചു. മരണം ഉറപ്പാക്കിയ ശേഷം ആംബുലൻസുകൾ ഇവരുടെ മൃതദേഹം കൊണ്ടുപോയി.
വധശിക്ഷ നടപ്പാക്കുന്നതിനു മുൻപ് ഇരകളുടെ ബന്ധുക്കളോട്, കുറ്റവാളികളോട് ക്ഷമിക്കണമെന്ന് അഭ്യർഥിച്ചെങ്കിലും അവർ നിരസിച്ചു. ഇതോടെയാണു വധശിക്ഷ നടപ്പാക്കിയത്.