പാക് തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേടെന്ന്; റാവൽപിണ്ടി തെര. കമ്മീഷണർ രാജിവച്ചു
Sunday, February 18, 2024 1:04 AM IST
റാവൽപിണ്ടി: പാക്കിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് നടന്നുവെന്നും അതിന്റെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും പറഞ്ഞ് റാവൽപണ്ടിയിലെ ഇലക്ഷൻ കമ്മീഷണർ ലിയാക്കത്ത് അലി ചത്താ രാജിവച്ചു.
ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ചീഫ് ജസ്റ്റീസിനും തെരഞ്ഞെടുപ്പു ക്രമക്കേടിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഈ മാസം എട്ടിനു നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച്, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടി ദേശവ്യാപകമായി പ്രതിഷേധം ആരംഭിച്ചതിനിടെയാണ് ഈ സംഭവം.
പരാജയപ്പെട്ട സ്ഥാനാർഥികളെ ജയിപ്പിക്കുകയായിരുന്നുവെന്ന് ലിയാക്കത്ത് ചത്താ ആരോപിച്ചു.
“ക്രമക്കേടിന്റെ മുഴുവൻ ഉത്തരവാദിത്വവും ഞാനേൽക്കുന്നു. രാജ്യത്തെ പിന്നിൽനിന്നു കുത്തിയ എനിക്ക് ഉറക്കം കിട്ടുന്നില്ല. ആത്മഹത്യയാണ് ആലോചിച്ചത്. എല്ലാം ജനത്തെ അറിയിക്കാമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു”- റാവൽപിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ലിയാക്കത്ത് പറഞ്ഞു.
അതേസമയം ആരോപണങ്ങൾ തള്ളിക്കളയുന്നതായി പാക് തെരഞ്ഞെടുപ്പു കമ്മീഷൻ പ്രതികരിച്ചു.