തുർക്കി കോടതിയിൽ ആക്രമണം; രണ്ടു ഭീകരരെ വധിച്ചു
Wednesday, February 7, 2024 1:00 AM IST
അങ്കാറ: ഇസ്താംബൂൾ നഗരത്തിലെ കോടതിയിൽ ഭീകരാക്രമണം നടത്തിയ രണ്ട് ആയുധധാരികളെ വധിച്ചതായി തുർക്കി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മൂന്നു പോലീസുകാർ അടക്കം ആറു പേർക്കു പരിക്കേറ്റു.
നിരോധിത ഇടതുപക്ഷ തീവ്രവാദ സംഘടനയായ റവലൂഷണറി പീപ്പിൾസ് ലിബറേഷൻ പാർട്ടി (ഡിഎച്ച്കെപി-സി) ആണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന് തുർക്കി വൃത്തങ്ങൾ പറഞ്ഞു.
സംഘടനാംഗങ്ങളായ ഒരു സ്ത്രീയും പുരുഷനും ഇസ്താംബൂളിലെ ചാലയാൻ കോടതിക്കു സമീപമുള്ള ചെക്പോയിന്റിൽ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ ഇവർ കൊല്ലപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി നിയമമന്ത്രി യിൽമാസ് ടുൻക് പറഞ്ഞു.
ഗാസാ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തുർക്കിയിൽ ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ മാസം അവസാനം രണ്ട് ഐഎസ് ഭീകരർ ഇസ്താംബൂളിലെ സെന്റ് മേരീസ് പള്ളിയിൽ ഞായറാഴ്ചകുർബാനയ്ക്കിടെ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒക്ടോബറിൽ കുർദ് ഭീകരർ അങ്കാറയിലെ ആഭ്യന്തരമന്ത്രാലയ ഓഫീസിൽ ചാവേർ ആക്രമണം നടത്തിയിരുന്നു.