സൗത്ത് കരോളൈന പ്രൈമറിയിൽ ബൈഡന് സന്പൂർണ ജയം
Monday, February 5, 2024 1:03 AM IST
കൊളംബിയ: സൗത്ത് കരോളൈന സംസ്ഥാനത്തെ ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന് തകർപ്പൻ ജയം. അദ്ദേഹത്തിന് 96.2 ശതമാനം വോട്ടും സംസ്ഥനത്തെ 55 പ്രതിനിധികളുടെ മുഴുവൻ പിന്തുണയും ലഭിച്ചു. എതിരാളികളായ മരിയാനെ വില്യംസണിന് 2.1ഉം ഡീൻ ഫിലിപ്സിന് 1.7ഉം ശതമാനം വോട്ടുകളേ ലഭിച്ചുള്ളൂ.
നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വം ഉറപ്പിച്ചമട്ടാണ്. പാർട്ടിയുടെ ആദ്യ പ്രൈമറിയാണു സൗത്ത് കരോളൈനയിൽ ശനിയാഴ്ച നടന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബൈഡന്റെ സ്ഥാനാർഥിത്വം ഉറപ്പിക്കുന്നതിൽ, ആഫ്രിക്കൻ വംശജർക്കു സ്വാധീനമുള്ള സൗത്ത് കരോളൈന വലിയ പങ്കുവഹിച്ചിരുന്നു. അതേസമയം, പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥാനാർഥിയാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.