പാക്കിസ്ഥാനിൽ ആക്രമണം നടത്താൻ ടിടിപിക്ക് അൽ ഖ്വയ്ദ, താലിബാൻ പിന്തുണ
Friday, February 2, 2024 1:18 AM IST
ടെഹ്റാൻ: നിരോധിത തെഹ്രിക് ഇ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഭീകരസംഘടനയ്ക്കു പാക്കിസ്ഥാനിൽ ആക്രമണം നടത്താൻ അഫ്ഗാൻ താലിബാനു പുറമേ അൽ ഖ്വയ്ദയിൽനിന്നും മറ്റ് തീവ്രവാദ സംഘടനകളിൽനിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നു റിപ്പോർട്ട്.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനു സമർപ്പിച്ച റിപ്പോർട്ട് ഉദ്ധരിച്ച് ഡോൺ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആയുധങ്ങളും യുദ്ധോപകരണങ്ങളും മാത്രമല്ല, ടിടിപിയുടെ എല്ലാ പ്രവർത്തനങ്ങൾക്കുമുള്ള സജീവ പിന്തുണയാണ് ഈ ഭീകരസംഘടനകൾ നൽകിക്കൊണ്ടിരിക്കുന്നത്.
പാക്കിസ്ഥാനിൽ നടന്ന വലിയ ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദികളായ ടിടിപിക്കെതിരേ അഫ്ഗാൻ താലിബാൻ നടപടിയെടുക്കാത്തതിൽ ഇസ്ലാമാബാദ് ആവർത്തിച്ച് നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.
ടിടിപിയോട് അഫ്ഗാൻ താലിബാന്റെ മൃദുസമീപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. ടിടിപിയെ നേരിടാനുള്ള കാബൂളിന്റെ വിമുഖത തങ്ങളുടെ ദേശീയസുരക്ഷയ്ക്കുള്ള ഭീഷണിയായാണു പാക്കിസ്ഥാൻ കാണുന്നത്.
കാര്യമായ തടസങ്ങളൊന്നുമില്ലാതെ നിരവധി ടിടിപി തീവ്രവാദികൾ പാക് അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നു റിപ്പോർട്ട് പറയുന്നു. ടിടിപി അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും അഫ്ഗാൻ താലിബാനിൽനിന്നു സഹായങ്ങൾ ലഭിക്കുന്നുണ്ട്.
ഇതു താലിബാനും ടിടിപിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.