ചൈനയിൽ പുതിയ രൂപത
Thursday, February 1, 2024 1:41 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ കിഴക്കൻ ചൈനയിലെ വെയ്ഫാംഗ് നഗരം കേന്ദ്രമാക്കി പുതിയ രൂപത സ്ഥാപിച്ചു.
തിങ്കളാഴ്ച വെയ്ഫാംഗിലെ ക്വിൻഷൗവിൽ നടന്ന തിരുക്കർമങ്ങളിൽ ഫാ. ആന്റണി സൺ വെൻജുൻ രൂപതയുടെ ആദ്യബിഷപ്പായി സ്ഥാനമേറ്റു. പുതിയ രൂപത സ്ഥാപിക്കാനും ബിഷപ്പിനെ നിയമിക്കാനുമുള്ള തീരുമാനം 2023 ഏപ്രിൽ 20ന് മാർപാപ്പ കൈക്കൊണ്ടതാണെന്ന് വത്തിക്കാന്റെ അറിയിപ്പിൽ പറയുന്നു.
1931ൽ പീയൂസ് പതിനൊന്നാമൻ മാർപാപ്പ സ്ഥാപിച്ച യിദുഷിയാൻ അപ്പസ്തോലിക പ്രിഫെക്ചർ റദ്ദാക്കിക്കൊണ്ടാണു ഫ്രാൻസിസ് മാർപാപ്പ പുതിയ രൂപത സ്ഥാപിച്ചിരിക്കുന്നത്.
ചൈനീസ് സർക്കാർ പുനർ നിർണയിച്ചിരിക്കുന്ന രൂപതാ അതിർത്തി അംഗീകരിച്ചുകൊണ്ടാണ് വത്തിക്കാന്റെ നടപടി. രൂപതാ അതിർത്തിവിഷയം ചൈനയ്ക്കും വത്തിക്കാനും ഇടയിലെ പ്രധാന തർക്കവിഷയങ്ങളിലൊന്നാണ്.
ആറായിരത്തിനു മുകളിൽ ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള പുതിയ രൂപതയിൽ ആറായിരം കത്തോലിക്കാ വിശ്വാസികളാണുള്ളത്. പത്ത് വൈദികരും ആറ് കന്യാസ്ത്രീകളുമുണ്ട്.