സൈഫർ കേസ്: ഇമ്രാൻ ഖാന് 10 വർഷം തടവ്
Tuesday, January 30, 2024 11:34 PM IST
ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കുന്ന പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തടവുശിക്ഷ. സർക്കാർ രഹസ്യം ചോർത്തിയെന്നാരോപിക്കുന്ന ‘സൈഫർ കേസിൽ’ പത്തു വർഷത്തെ ശിക്ഷയാണ് അദ്ദേഹത്തിനു കോടതി ഇന്നലെ വിധിച്ചത്.
2022 ഫെബ്രുവരിയിൽ പ്രതിപക്ഷ അവിശ്വാസത്തിൽ പുറത്താക്കപ്പെട്ട ഇമ്രാൻ നിലവിൽ അഴിമതിക്കേസിൽ മൂന്നുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ്.
ഇമ്രാന്റെ തെഹ്രിക് ഇ ഇൻസാഫ് (പിടിഐ) പാർട്ടി വൈസ് ചെയർമാനും മുൻ വിദേശകാര്യമന്ത്രിയുമായ ഷാ മെഹ്മൂദ് ഖുറേഷിക്കും സൈഫർ കേസിൽ പത്തു വർഷം തടവു ലഭിച്ചിട്ടുണ്ട്. റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ രൂപീകരിച്ച പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
അമേരിക്കയിലെ പാക് അംബാസഡർ രഹസ്യമായി അയച്ച നയതന്ത്ര സന്ദേശത്തിന്റെ ഉള്ളടക്കം ഇമ്രാൻ പരസ്യപ്പെടുത്തിയെന്നതാണു കേസിനാധാരം. ഇമ്രാൻ പ്രധാനമന്ത്രിപദത്തിൽനിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെ 2022 മാർച്ചിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണു സംഭവം.
ഒരു കഷണം പേപ്പർ ഉയർത്തിപ്പിടച്ച അദ്ദേഹം, തന്നെ പുറത്താക്കാൻ വിദേശ ഗൂഢാലോചന നടന്നതായി ആരോപിച്ചു. രാജ്യത്തിന്റെ പേര് പറഞ്ഞില്ലെങ്കിലും തുടർന്ന് അമേരിക്കയെ വിമർശിക്കുകയുണ്ടായി.
മുൻ പ്രധാനമന്ത്രിയുടെ നടപടികൾ നയതന്ത്രതലത്തിൽ പാക്കിസ്ഥാനു വലിയ ക്ഷീണമുണ്ടാക്കിയെന്നും ജീവപര്യന്തം മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിതെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. വിധിക്കെതിരേ അപ്പീൽ പോകുമെന്ന് പിടിഐ നേതൃത്വം അറിയിച്ചു.
അതേസമയം, ഇമ്രാനും അദ്ദേഹത്തിന്റെ പാർട്ടിക്കും കൂച്ചുവിലങ്ങിടുന്നതിന്റെ ഭാഗമായാണു കേസെന്ന ആരോപണമുണ്ട്. ഫെബ്രുവരി എട്ടിലെ പൊതുതെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിൽനിന്ന് പിടിഐയെ തടയുന്നുണ്ട്. ഇമ്രാനെ അറസ്റ്റ് ചെയതിനു പിന്നാലെ സൈനിക കേന്ദ്രങ്ങളിലടക്കമുണ്ടായ പ്രതിഷേധ പ്രകടനങ്ങളുടെ പേരിൽ പിടിഐയുടെ ഒട്ടേറെ നേതാക്കൾ അറസ്റ്റിലാണ്.
പിടിഐ റാലിക്കിടെ സ്ഫോടനം
പെഷവാർ: ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടി ബലൂചിസ്ഥാനിൽ നടത്തിയ തെരഞ്ഞെടുപ്പുറാലിക്കിടെ സ്ഫോടനം. നാലു പേർ മരിക്കുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
സിബി നഗരത്തിൽ ഇന്നലെയായിരുന്നു സംഭവം. ദേശീയ അസംബ്ലി സ്ഥാനാർഥി സദ്ദാം താരീന്റെ പ്രചാരണ റാലിക്കിടെയാണ് സ്ഫോടനമുണ്ടായതെന്ന് പിടിഐ വൃത്തങ്ങൾ പറഞ്ഞു.