ഭക്ഷ്യാവകാശത്തിനു പ്രതിഷേധം മോണാ ലിസയോട്
Monday, January 29, 2024 2:38 AM IST
പാരീസ്: ദാ വിൻചിയുടെ മോണാ ലിസ പെയിന്റിംഗിനു നേർക്ക് പ്രതിഷേധം. പാരീസിലെ ലൂവ്റ് മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന പെയിന്റിംഗിനു നേർക്ക് രണ്ടു വനിതകൾ മത്തങ്ങാ സൂപ്പ് ഒഴിക്കുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനാൽ സംരക്ഷിക്കപ്പെടുന്ന പെയിന്റിംഗിൽ സൂപ്പ് പതിച്ചില്ല. ഭക്ഷ്യാവകാശത്തിനുവേണ്ടിയായിരുന്നു ഈ നാടകമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
പെയിന്റിംഗിനു മുന്നിലേക്ക് ഓടിക്കയറിയ വനിതകൾ, കലയാണോ ആരോഗ്യകരമായ ഭക്ഷണത്തിനുള്ള അവകാശമാണോ പ്രധാനമെന്നു ചോദിച്ചു. നമ്മുടെ കാർഷികവ്യവസ്ഥ തകരാറിലാണെന്നും കർഷകർ ജോലിഭാരത്താൽ മരിക്കുകയാണെന്നും പറയുകയുണ്ടായി.
സുരക്ഷാ ഗാർഡുകൾ കറുത്ത സ്ക്രീൻ കൊണ്ട് പ്രതിഷേധക്കാരെ മറച്ചു. പെയിന്റിംഗിനു കേടുപാടില്ലെന്നും സംഭവത്തിൽ പരാതി നല്കുമെന്നും ലൂവ്റ് അധികൃതർ അറിയിച്ചു.
ഫുഡ് കൗണ്ടററ്റാക് എന്ന സംഘടന പ്രതിഷേധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഭക്ഷണം അടിസ്ഥാന അവകാശമാണെന്നും എല്ലാ ഫ്രഞ്ച് പൗരന്മാർക്കും മാസംതോറും 150 യൂറോയുടെ ഫുഡ് കാർഡ് നല്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ലിയനാർഡോ ദാ വിൻചി പതിനാറാം നൂറ്റാണ്ടിൽ വരച്ച മോണാ ലിസ ലോകത്തിലെ ഏറ്റവും പ്രശസ്ത കലാസൃഷ്ടികളിലൊന്നാണ്. 1950കളിൽ ഒരു സന്ദർശകൻ പെയിന്റിംഗിൽ ആസിഡ് ഒഴിച്ചിരുന്നു. ഇതേത്തുടർന്നാണ് പെയിന്റിംഗിനു മുന്നിൽ പ്രത്യേക സുരക്ഷാ ഗ്ലാസ് സ്ഥാപിച്ചത്.