ഇറാൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു
Monday, January 29, 2024 2:38 AM IST
ടെഹ്റാൻ: പശ്ചിമേഷ്യ സംഘർഷത്തിനിടെ വീണ്ടും ഇറാന്റെ ഉപഗ്രഹവിക്ഷേപണം. ഇന്നലെ ഒരേ സമയം മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചുവെന്നാണു ടെഹ്റാൻ അറിയിച്ചത്. ഒരാഴ്ച മുന്പ് വിപ്ലവഗാർഡുകളുടെ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചിരുന്നു.
ഉപഗ്രഹ വിക്ഷേപണത്തിനുള്ള റോക്കറ്റുകളുടെ നിർമാണത്തിലൂടെ ഇറാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സാങ്കേതിക വിദ്യ സ്വന്തമാക്കുമെന്നു പാശ്ചാത്യശക്തികൾ ഭയക്കുന്നു.
ഇന്നലെ വിക്ഷേപിച്ചതെല്ലാം ചെറിയ ഉപഗ്രഹങ്ങളാണ്. ഒന്നിന് 32ഉം മറ്റു രണ്ടെണ്ണത്തിനു പത്തുവീതം കിലോഗ്രാമുമാണു ഭാരം. ഉപഗ്രഹങ്ങളുടെ സ്ഥാനവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ അടക്കം പരീക്ഷിക്കുകയാണു ലക്ഷ്യം. ഉപഗ്രഹ, റോക്കറ്റ്, ആണവ സാങ്കേതിക വിദ്യകൾ സമാധാന ആവശ്യങ്ങൾക്കു വേണ്ടിയാണെന്ന ഇറാന്റെ വാദം പാശ്ചാത്യർ അംഗീകരിക്കുന്നില്ല.