ഹൂതി മിസൈലാക്രമണം: ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ചു
Sunday, January 28, 2024 1:14 AM IST
ദോഹ: യെമനിലെ ഹൂതി ഭീകരരുടെ മിസൈൽ ആക്രമണത്തിൽ എണ്ണക്കപ്പലിൽ തീപിടിത്തം. ബ്രിട്ടനിലെ ഓഷനിക്സ് സർവീസസ് കന്പനിയുടെ കീഴിൽ മാർഷൽ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത് സിംഗപ്പുരിലെ ട്രാഫിഗുര കന്പനി സർവീസ് നടത്തുന്ന ‘മാർലിൻ ലുവാൻഡ’ എന്ന കപ്പലാണ് വെള്ളിയാഴ്ച രാത്രിയിൽ യെമനു സമീപം ഏദൻ ഉൾക്കടലിൽ ആക്രമിക്കപ്പെട്ടത്. കപ്പലിലെ ജീവനക്കാരിൽ 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയും ഉൾപ്പെടുന്നു.
യെമന്റെ തെക്കുഭാഗത്ത് ഏദൻ ഉൾക്കടലിൽവച്ച് കപ്പലിൽ ബാലിസ്റ്റിക് മിസൈൽ പതിക്കുകയായിരുന്നു. കപ്പലിലെ ടാങ്കുകളിലൊന്നിൽ തീപിടിത്തമുണ്ടായി. അഗ്നിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് തീയണച്ചതായും ആർക്കും പരിക്കില്ലെന്നും ട്രാഫിഗുര കന്പനി അറിയിച്ചു.
കപ്പലിൽനിന്ന് അപായസന്ദേശം ലഭിച്ചതോടെ ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പൽ ‘ഐഎൻഎസ് വിശാഖപട്ടണം’ ഏഡൻ ഉൾക്കടലിൽ എത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും വ്യോമാക്രമണം നടത്തി.