വംശഹത്യ ഉണ്ടാകാതിരിക്കാൻ ഇസ്രയേൽ നടപടിയെടുക്കണം ; ലോക കോടതിയുടെ ഇടക്കാല ഉത്തരവ്
Saturday, January 27, 2024 11:51 PM IST
ദ ഹേഗ്: ഗാസയിൽ വംശഹത്യ സംഭവിക്കാതിരിക്കാനുള്ള നടപടികൾ ഇസ്രയേൽ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായക്കോടതി (ഐസിജെ) നിർദേശിച്ചു. അതേസമയം യുദ്ധം നിർത്തണമെന്ന് ആവശ്യപ്പെടാൻ തയാറായില്ല.
ഇസ്രയേലിനെതിരേ വംശഹത്യക്കുറ്റം ആരോപിച്ച് ദക്ഷിണാഫ്രിക്ക നല്കിയ കേസിൽ ലോക കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വംശഹത്യാ ആരോപണത്തിലെ വിധി വരാൻ വർഷങ്ങളെടുക്കും.
വിഷയത്തിൽ ഇടപെടാനുള്ള അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. യുദ്ധത്തിലൂടെ വംശഹത്യ ഉണ്ടാകാതിരിക്കാൻ ഇസ്രയേൽ നടപടി സ്വീകരിക്കണം. വംശഹത്യക്കുള്ള പ്രേരണകൾ തടയണം. ഗാസയിലെ ജനങ്ങൾക്ക് അടിയന്തരമായി സഹായമെത്തിക്കണം. നടപടികളിലെ പുരോഗതി വ്യക്തമാക്കി ഒരു മാസത്തിനകം ഇസ്രയേൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പലസ്തീൻ ജനതയ്ക്കു നീതി ലഭിക്കാനുള്ള പോരാട്ടത്തിലെ സുപ്രധാന വിധിയാണിതെന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം സ്വന്തം രാജ്യത്തെ സംരക്ഷിക്കാനുള്ള ബാധ്യതയും ഇസ്രയേലിനുണ്ടെന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞു. തീവ്രവാദികളെയും സിവിലിയന്മാരെയും തിരിച്ചറിയാൻ ഇസ്രയേലിനെ ആരും പഠിപ്പിക്കേണ്ടെന്ന് പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് പ്രതികരിച്ചു.
ലോക കോടതി ഉത്തരവുകൾക്ക് നിയമസാധുതയുണ്ടെങ്കിലും അതു നടപ്പാക്കാനുള്ള അധികാരം കോടതിക്കില്ല. ഇസ്രയേൽ ഉത്തരവ് പാലിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നില്ല. വിധി വന്ന ദിവസവും ഇസ്രേലി സേന ഗാസയിൽ ആക്രമണം തുടർന്നു.
24 മണിക്കൂറിനിടെ 174 പേർ കൊല്ലപ്പെടുകയും 310 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹമാസിന്റെ ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചു. ഗാസയിലെ മൊത്തം മരണം 26,000നു മുകളിലാണ്.