ന്യൂ ഹാംപ്ഷെയറിലും ട്രംപിനു ജയം
Thursday, January 25, 2024 1:11 AM IST
വാഷിംഗ്ടൺ ഡിസി: ന്യൂ ഹാംപ്ഷെയർ റിപ്പബ്ലിക്കൻ പ്രൈമറിയിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ജയം.
അദ്ദേഹത്തിന് 54 ശതമാനം വോട്ടുകൾ ലഭിച്ചു. ഇന്ത്യൻ വംശജയും നോർത്ത് കരോളൈനയിലെ മുൻ ഗവർണറുമായ നിക്കി ഹേലിക്ക് 43 ശതമാനം വോട്ടുകളാണു ലഭിച്ചത്.
ഇതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വം ട്രംപ് ഉറപ്പിച്ചതായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ വ്യക്തത വന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വം ഉറപ്പിച്ചിരിക്കുന്ന ബൈഡനും ട്രംപും തമ്മിലായിരിക്കും നവംബറിലെ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുകയെന്നു പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബൈഡനോട് ട്രംപ് പരാജയപ്പെടുകയായിരുന്നു. നേരത്തേ നടന്ന അയോവ കോക്കസിൽ ട്രംപ് തകർപ്പൻ ജയം നേടിയിരുന്നു.
പ്രസിഡന്റ് സ്ഥാനാർഥിത്വം മോഹിച്ച റോൺ ഡി സാന്റിസ്, വിവേക് രാമസ്വാമി, ടിം സ്കോട്ട് എന്നിവർ മത്സരത്തിൽനിന്നു പിന്മാറി ട്രംപിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂ ഹാംപ്ഷെയറിലെ വിജയത്തിൽ അണികളെ അഭിസംബോധന ചെയ്യാനെത്തിയ ട്രംപിനു പിന്നിൽ വിവേക് രാമസ്വാമിയും ടിം സ്കോട്ടും ഉണ്ടായിരുന്നു.
അതേസമയം, മത്സരം അവസാനിച്ചിട്ടില്ലെന്നും ട്രംപുമായുള്ള പോരാട്ടം തുടരുമെന്നും നിക്കി ഹേലി പ്രതികരിച്ചു.