100 ദിവസം; 24000 മരണം
Monday, January 15, 2024 12:54 AM IST
ടെൽ അവീവ്: യുദ്ധത്തിന്റെ നൂറാം ദിനമായിരുന്ന ഇന്നലെയും ഇസ്രേലി സേന ഗാസയിൽ നിർദാക്ഷിണ്യം ബോംബുകൾ വർഷിച്ചു. ശനിയാഴ്ച രാത്രിയിലെ ആക്രമണങ്ങളിൽ നൂറിലധികം പേർ കൂടി കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യ മന്ത്രാലയം ഇന്നലെ രാവിലെ അറിയിച്ചു.
ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24,000ത്തോട് അടുക്കുന്നു. ഇതിൽ ഒട്ടുമുക്കാലും കുട്ടികളും സ്ത്രീകളുമാണ്. പാർപ്പിടങ്ങൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥപനങ്ങൾ എന്നിവ അടക്കം ഗാസയിലെ കെട്ടിടങ്ങളിൽ നല്ലൊരു ശതമാനവും തവിടുപൊടിയായി.
ഗാസയിലെ 24 ലക്ഷം ജനങ്ങളിൽ 19 ലക്ഷവും അഭയാർഥികളായി. ഒക്ടോബർ ഏഴിനു ഹമാസ് ഭീകരർ തെക്കൻ ഇസ്രയേലിൽ നടത്തിയ മിന്നലാക്രമണത്തിൽ 1200ഓളം പേരാണ് മരിച്ചത്. 250ഓളം പേരെ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയി. ഒരാഴ്ച നീണ്ട വെടിനിർത്തലിനിടെ നൂറോളം പേർ മോചിതരാക്കപ്പെട്ടു. 25 പേർ ഗാസയിൽവച്ച് കൊല്ലപ്പെട്ടു. 132 പേർ ഹമാസിന്റെ കസ്റ്റഡിയിൽ തുടരുന്നു.
ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിൽനിന്ന് ഇസ്രയേലിനെ ആരും തടുക്കില്ലെന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ പ്രഖ്യാപിച്ചു. ടെൽ അവീവ് അടക്കമുള്ള നഗരങ്ങളിൽ ഇസ്രേലി ജനത ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും ബന്ദികളാക്കപ്പെട്ടവരുടെയും ചിത്രങ്ങളുമായി അനുസ്മരണ പരിപാടികൾ നടത്തി.
അമേരിക്കയുടെ അനുമതി ഉള്ളിടത്തോളം ഇസ്രേലി സേന ഗാസയിൽ ആക്രമണം തുടരുമെന്നാണു പറയുന്നത്. വടക്കൻ ഇസ്രയേലിൽ ലബനനിലെ ഹിസ്ബുള്ളകളുമായുള്ള ഏറ്റുമുട്ടലും അറബ് മേഖലയിൽ യെമനിലെ ഹൂതികൾ ചരക്കുകപ്പലുകൾക്കു നേർക്ക് നടത്തുന്ന ആക്രമണങ്ങളും പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കുന്നതിന്റെ സൂചനയാണ്.