നോവലിസ്റ്റിനോട് റഷ്യയുടെ പ്രതികാരം
Monday, January 15, 2024 12:54 AM IST
മോസ്കോ: ജനപ്രിയ സാഹിത്യകാരൻ ബോറിസ് അകുനിനെ റഷ്യൻ സർക്കാർ വിദേശ ഏജന്റായി മുദ്രകുത്തി. പ്രസിഡന്റ് പുടിനെയും റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെയും വിമർശിക്കുന്ന അകുനിൻ ലണ്ടനിലാണു താമസം.
അറുപത്തേഴുകാരനായ അദ്ദേഹത്തിന്റെ പേര് റഷ്യൻ സർക്കാർ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. രാജ്യത്തിന്റെയും സേനയുടെയും പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കാൻ അകുനിൻ ശ്രമിച്ചതായി നിയമ മന്ത്രാലയം പറഞ്ഞു. യുക്രെയ്ൻ സേനയ്ക്കായി ധനസമാഹരണം നടത്താനും അകുനിൻ സഹായം നല്കി.
യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ പുടിൻ ഏകാധിപതിയാണെന്ന് അകുനിന് പറഞ്ഞിരുന്നു. റഷ്യൻ സർക്കാർ നിരോധിച്ച അദ്ദേഹത്തിന്റെ കുറ്റാന്വേഷണ നോവലുകൾ ബെസ്റ്റ് സെല്ലറുകളായിരുന്നു.