തുർക്കിയിലേക്കു പോയ എണ്ണക്കപ്പൽ ഇറാൻ റാഞ്ചി
Friday, January 12, 2024 12:52 AM IST
മസ്കറ്റ്: ഒമാൻ ഉൾക്കടലിലൂടെ യാത്ര ചെയ്യുകയായിരുന്ന എണ്ണക്കപ്പൽ ഇറാൻ സൈനികർ പിടിച്ചെടുത്തു.
ഗ്രീക്ക് ഷിപ്പിംഗ് കന്പനിയായ എംപയർ നാവിഗേഷന്റെ ഉടമസ്ഥതയിലുള്ളതും മാർഷൽ ദ്വീപുകളുടെ പതാക വഹിച്ചതുമായ “സെന്റ് നിക്കൊളാസ്’’ എന്ന എണ്ണക്കപ്പലാണ് അഞ്ചു സൈനികർ ചേർന്ന് പ്രാദേശികസമയം ഇന്നലെ രാവിലെ 7.30 ഓടെ ഒമാനിലെ സോഹാറിനു കിഴക്ക് 50 നോട്ടിക്കൽ മൈൽ അകലെ വച്ച് പിടിച്ചെടുത്തത്. കപ്പൽ ഇറാനിലെ ബാന്ദർ ഇ ജാസ്കിലേക്ക് കൊണ്ടുപോയതായാണു റിപ്പോർട്ട്.
ഇറാക്കിലെ ബസ്റ തുറമുഖത്തുനിന്ന് 145,000 ടൺ ക്രൂഡ് ഓയിലുമായി തുർക്കിയിലെ ആലിയാഗ തുറമുഖത്തേക്കു പോകുകയായിരുന്നു കപ്പൽ. മുന്‍പ് സൂയസ് രജാൻ എന്ന പേരിലായിരുന്ന ഈ കപ്പൽ ഉപരോധം ലംഘിച്ച് ഇറാനിയൻ എണ്ണ കൊണ്ടുപോയെന്ന് ആരോപിച്ച് അമേരിക്ക പിടിച്ചെടുത്തിരുന്നു.
നിയമനടപടികൾക്കുശേഷം പിഴയടച്ച് പുതിയ പേരിൽ ഈ കപ്പൽ സർവീസ് നടത്തുകയായിരുന്നു. ഒരുവർഷം നീണ്ട തർക്കത്തിനൊടുവിൽ കപ്പലിലെ ഒരു ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ അമേരിക്ക പിടിച്ചെടുത്തിരുന്നു.
കപ്പലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായും കപ്പലിൽ 18 ഫിലിപ്പീൻസുകാരും ഒരു ഗ്രീക്കുകാരനുമുൾപ്പെടെ 19 ജീവനക്കാരുണ്ടെന്നും ഉടമസ്ഥരായ എംപയർ നാവിഗേഷന്‍ അറിയിച്ചു.
ഒമാനെയും ഇറാനെയും വേർതിരിക്കുന്ന നിർണായക കപ്പൽ റൂട്ടായ ഒമാൻ ഉൾക്കടൽ മുന്‍പ് ഇറാനുമായി ബന്ധപ്പെട്ട് നിരവധി തട്ടിയെടുക്കലുകൾക്കും ആക്രമണങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.