ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ഓപ്പൺഹൈമർ
Tuesday, January 9, 2024 1:31 AM IST
ലോസ് ആഞ്ചലസ്: ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺഹൈമർ അഞ്ച് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ സ്വന്തമാക്കി.
ചിത്രത്തിൽ അണുബോംബിന്റെ പിതാവായ റോബർട്ട് ഓപ്പൺഹൈമർ എന്ന ശാസ്ത്രജ്ഞനെ അവതരിപ്പിച്ച ഐറിഷ് നടൻ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരവും, വില്ലൻ സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച റോബർട്ട് ഡൗണി ജൂണിയർ മികച്ച സഹനടനുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച ചിത്രം, സംവിധാനം, സംഗീതം എന്നിവയ്ക്കുള്ള അവാർഡുകളും ഓപ്പൺഹൈമർ സ്വന്തമാക്കി.
മാർട്ടിൻ സ്കോർസെ സംവിധാനം ചെയ്ത ‘കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ’ ചിത്രത്തിലെ പ്രകടനത്തിലൂടെ ലിലി ഗ്ലാഡ്സ്റ്റോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ആദിവാസി വിഭാഗത്തിൽനിന്ന് ഈ അവാർഡ് നേടുന്ന ആദ്യ വ്യക്തിയാണ് ഇവർ. ദ ഹോൾഡോവേഴ്സ് എന്ന ചിത്രത്തിലൂടെ ഡാവിൻ ജോയ് റാഡോൾഫ് മികച്ച സഹനടിയായി.
140 കോടി ഡോളർ കളക്ഷൻ നേടിയ ‘ബാർബി’ ബോക്സ് ഓഫീസ് നേട്ടത്തിനുള്ള അവാർഡ് നേടി. ഫ്രാൻസിൽനിന്നുള്ള അനാട്ടമി ഓഫ് ഹാൾ ആണ് മികച്ച ഇംഗ്ലീഷ് ഇതര ചിത്രം. ടെലിവിഷൻ വിഭാഗത്തിൽ മികച്ച പരന്പരയായി ‘സക്സഷൻ’ തെരഞ്ഞെടുക്കപ്പെട്ടു.