ട്രംപിന്റെ യോഗ്യത സുപ്രീംകോടതി നിശ്ചയിക്കും
Saturday, January 6, 2024 11:38 PM IST
വാഷിംഗ്ടൺ ഡിസി: നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡോണൾഡ് ട്രംപിന് യോഗ്യതയുണ്ടോ എന്ന കാര്യം യുഎസ് സുപ്രീംകോടതി പരിഗണിക്കും.
ട്രംപിന് കൊളറാഡോ സംസ്ഥാനത്തു മത്സരിക്കാൻ വിലക്കേർപ്പെടുത്തിയ ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഫെബ്രുവരിയിൽ കേസ് പരിഗണിച്ചു പ്രഖ്യാപിക്കുന്ന വിധി യുഎസിലെ എല്ലാ സംസ്ഥാനത്തും ബാധകമായിരിക്കും.
കാപ്പിറ്റോൾ കലാപത്തിൽ പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കൊളറാഡോയിലെ ഉന്നത കോടതി ട്രംപിനു സംസ്ഥാനത്തു വിലക്കേർപ്പെടുത്തിയത്. കലാപകാരികൾ അധികാരസ്ഥാനങ്ങളിലെത്തുന്നതു തടയുന്ന ഭരണഘടനാ വകുപ്പ് പ്രകാരമായിരുന്നു ഉത്തരവ്. ട്രംപിനെ വിലക്കണമെന്നാവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലും കേസുണ്ട്.
കൊളറാഡോയിലെ വിധിക്കെതിരേ ട്രംപാണ് അപ്പീൽ നല്കിയത്. 27 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ സുപ്രീംകോടതിയോട് കേസ് പരിഗണിക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടിയുണ്ടായത്.