ദക്ഷിണകൊറിയൻ ദ്വീപിനു നേർക്ക് ഉത്തരകൊറിയൻ പീരങ്കിയാക്രമണം
Friday, January 5, 2024 11:47 PM IST
സീയൂൾ: ഉത്തരകൊറിയ, ദക്ഷിണകൊറിയൻ ദ്വീപായ യോൺപ്യോംഗിലേക്കു പീരങ്കിയാക്രമണം നടത്തി. ഷെല്ലുകൾ ദ്വീപ് വരെ എത്തിയില്ല. എന്നാൽ, ദ്വീപിലെ ജനങ്ങളെ അടിയന്തരമായി സുരക്ഷാകേന്ദ്രങ്ങളിലേക്ക് ഒഴിപ്പിച്ചുമാറ്റി. ഉത്തരകൊറിയയ്ക്കു മറുപടിയായി ദക്ഷിണകൊറിയയും പീരങ്കിയാക്രമണ അഭ്യാസം നടത്തി.
ഉത്തരകൊറിയ ഇന്നലെ രാവിലെ ഒന്പതിനും 11നും ഇടയിൽ ഇരുനൂറിലധികം പീരങ്കി ഷെല്ലുകളാണ് പ്രയോഗിച്ചതെന്നു ദക്ഷിണകൊറിയൻ സേന അറിയിച്ചു. സമുദ്രാതിർത്തിയിലെ ബഫർ സോണിലാണ് ഷെല്ലുകൾ പതിച്ചത്. ഉത്തരകൊറിയയുടെ പ്രകോപനപരമായ നടപടി സമാധാനത്തിനു ഭീഷണിയാണെന്ന് ദക്ഷിണകൊറിയ പറഞ്ഞു.
യോൺപ്യോംഗിനു സമീപമുള്ള രണ്ടു ദ്വീപുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചുമാറ്റി.ദക്ഷിണകൊറിയയുടെ സൈനികതാവളം സ്ഥിതിചെയ്യുന്ന യോൺപ്യോംഗിൽ 2000 സിവിലിയന്മാർ വസിക്കുന്നുണ്ട്. മഞ്ഞക്കടലിൽ 12 കിലോമീറ്റർ മാത്രം അകലെയുള്ള യോൺപ്യോംഗിൽ 2010ൽ ഉത്തരകൊറിയ നടത്തിയ പീരങ്കിയാക്രമണത്തിൽ രണ്ടു സിവിലിയന്മാരും രണ്ടു പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു.
ഉത്തരകൊറിയ, കൊറിയൻ മേഖലയിൽ ഏതു സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാം എന്നു പറഞ്ഞ് സൈനികസന്നാഹം വർധിപ്പിക്കുന്നതിനിടെയാണ് ഇന്നലത്തെ പ്രകോപനം. കൊറിയകൾക്കിടയിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സൈനിക ഉടന്പടിയിൽനിന്ന് ഉത്തരകൊറിയ അടുത്തിടെ പിന്മാറിയിരുന്നു. നവംബറിൽ ഉത്തരകൊറിയ ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിനു പിന്നാലെയാണു കൊറിയകൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.