തായ്വാനെ കൂട്ടിച്ചേർത്തിരിക്കും: ഷി
Monday, January 1, 2024 11:54 PM IST
ബെയ്ജിംഗ്: തായ്വാനെ തീർച്ചയായും ചൈനയുമായി കൂട്ടിച്ചേർത്തിരിക്കുമെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്.
പുതുവത്സരദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം കടുപ്പിച്ചു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ പുതുവത്സര സന്ദേശത്തിൽ ചൈനക്കാരും തായ്വാൻകാരും ഒരു കുടുംബത്തിലെ അംഗങ്ങൾ മാത്രമാണെന്നേ ഷി പറഞ്ഞിരുന്നുള്ളൂ.
13ന് തായ്വാനിൽ നിർണായക തെരഞ്ഞെടുപ്പ് നടക്കാനാരിക്കേയാണു ഷിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. സ്വതന്ത്ര ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടു മാത്രമാണു ചൈന പരിഗണിക്കുന്നത്. ബലം പ്രയോഗിച്ചും തായ്വാനെ കൂട്ടിച്ചേർക്കുമെന്നതാണ് ചൈനയുടെ ഔദ്യോഗിക നിലപാട്. തെരഞ്ഞെടുപ്പിനു മുന്നോടിയായി തായ്വാനു ചുറ്റും ചൈന സൈനികവിന്യാസം ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ചൈനയുമായുള്ള ബന്ധം നിശ്ചയിക്കുക തായ്വാൻ ജനങ്ങളായിരിക്കുമെന്നു പ്രസിഡന്റ് സായ് ഇംഗ് വെൻ പുതുവത്സര സന്ദേശത്തിൽ പറഞ്ഞു.