ഗാസയിൽ ഉഗ്രപോരാട്ടം
Sunday, December 31, 2023 12:30 AM IST
ടെൽ അവീവ്: ഗാസയിൽ ഇസ്രേലി സേനയും ഹമാസ് ഭീകരരും തമ്മിൽ രൂക്ഷ ഏറ്റമുട്ടൽ നടക്കുന്നതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 187 പേർ കൊല്ലപ്പെട്ടതായി ഗാസാ വൃത്തങ്ങൾ ഇന്നലെ അറിയിച്ചു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലും മധ്യഗാസയിലെ സുറെയ്റത്ത്, ബുറെയ്ജ് അഭയാർഥി ക്യാന്പിലും ഇസ്രേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു. അടുത്ത ദിവസങ്ങളിൽ ഇരു ക്യാന്പുകളിലും വലിയതോതിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ഒക്ടോബർ ഏഴിനു ശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,670 ആയി. അധിനിവേശ വെസ്റ്റ്ബാങ്കിൽ 307 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഗാസാ സിറ്റിയിൽ ഒട്ടെറെ തീവ്രവാദികളെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു. ഹമാസ് നേതാവ് യഹിയ സിൻവറിന്റെ ഗാസാ സിറ്റിയിലെ ഭവനത്തിനു കീഴിലുള്ള തുരങ്കശൃംഖല നശിപ്പിച്ചു.
കരസേനാ ആക്രമണത്തിനു മുന്നോടിയായിട്ടാണു ഖാൻ യൂനിസിനെ ബോംബിട്ടു നശിപ്പിക്കുന്നതെന്നു കരുതുന്നു. ഹമാസിന്റെ നേതാക്കൾ ഖാൻ യൂനിസിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് ഇസ്രയേൽ പറയുന്നത്.
നേരത്തേ ഖാൻ യൂനിസിൽ അഭയം തേടിയ ലക്ഷങ്ങൾ ഇപ്പോൾ കുറച്ചുകൂടി തെക്കുള്ള റാഫായിലേക്കു നീങ്ങുകയാണ്. ഈജിപ്ത് അതിർത്തിയോടു ചേർന്ന റാഫായ്ക്കു താങ്ങാവുന്നതിലധികം പേർ ഇപ്പോൾ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അഭയാർഥികളിൽ പലരും തുറന്ന സ്ഥലങ്ങളിലാണു പാർക്കുന്നതെന്ന് യുഎൻ സഹായ ഏജൻസി ഇന്നലെ അറിയിച്ചു.