ലണ്ടനിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Friday, December 22, 2023 12:16 AM IST
ലണ്ടൻ: ലണ്ടനിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പഞ്ചാബ് സ്വദേശി ഗൗരഷ്മാൻ സിംഗ് ഭാട്ടിയ(23)യുടെ മൃതദേഹമാണു കിഴക്കൻ ലണ്ടനിലെ കാനറി വാർഫ് ഭാഗത്തുള്ള സൗത്ത് ക്വേ തടാകത്തിൽനിന്നു കണ്ടെത്തിയത്.
കഴിഞ്ഞ 14ന് രാത്രി മൂന്നു സുഹൃത്തുക്കൾക്കൊപ്പം താമസസ്ഥലമായ കാനറി വാർഫിലെ ഫ്ലാറ്റിൽ ജന്മദിനം ആഘോഷിച്ചശേഷം നടക്കാനിറങ്ങിയ ഭാട്ടിയയെ പിന്നീട് കാണാതാകുകയായിരുന്നു.
ലൊഫ്ബൊറോ യൂണിവേഴ്സിറ്റിയിൽ എംഎസ്സി ഡിജിറ്റൽ ഫിനാൻസ് കോഴ്സിനു പഠിച്ചുവരികയായിരുന്നു. ഒരു വർഷത്തെ ഈ കോഴ്സിനായി കഴിഞ്ഞ ജനുവരിയിലാണ് ഭാട്ടിയ ലണ്ടനിലെത്തിയത്.
മരണത്തിൽ സംശയിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ജയിംസ് കൊൺവെ പറഞ്ഞു. ഇതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബിലെ ജലന്ധറിലാണു ഭാട്ടിയയുടെ കുടുംബം താമസിക്കുന്നത്. മകനെ കാണാതായ വിവരമറിഞ്ഞ് പിതാവും ബന്ധുവും കഴിഞ്ഞദിവസം ലണ്ടനിൽ എത്തിയിരുന്നു.
കഴിഞ്ഞ മാസവും ഇന്ത്യൻ വിദ്യാർഥിയെ ലണ്ടനിൽ കാണാതാകുകയും പിന്നീട് തേംസ് നദിയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. ഗുജറാത്ത് സ്വദേശി മിത്കുമാർ പട്ടേൽ(23) ആണു മരിച്ചത്.