പാക് സൈനിക താവളത്തിൽ ഭീകരാക്രമണം; 25 മരണം
Wednesday, December 13, 2023 1:33 AM IST
പെഷവാർ: പാക്കിസ്ഥാനിലെ സൈനികതാവളത്തിൽ ഭീകരർ നടത്തിയ ചാവേർ, കാർ ബോംബ് ആക്രമണങ്ങളിൽ 25 പട്ടാളക്കാർ കൊല്ലപ്പെട്ടു. ഒട്ടനവധിപ്പേർക്കു പരിക്കേറ്റു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ദേരാ ഇസ്മയിൽഖാനിലുള്ള സൈന്യത്തിന്റെ ബേസ് ക്യാന്പിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പുതിയ ഭീകരസംഘടനയായ തെഹ്രിക് ഇ ജിഹാദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ആറു ഭീകരാണ് ആക്രമണം നടത്തിയതെന്നു സൈന്യം അറിയിച്ചു. താവളത്തിൽ കയറാനുള്ള ശ്രമം സൈനികർ പരാജയപ്പെടുത്തിയപ്പോൾ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. തൊട്ടുപിന്നാലെയുണ്ടായ ചാവേർ സ്ഫോടനത്തിൽ താവളത്തിലെ കെട്ടിടം തകർന്നാണു സൈനികർ കൊല്ലപ്പെട്ടത്.
എല്ലാ ഭീകരരെയും സൈന്യം വകവരുത്തിയെന്നും അറിയിപ്പിൽ പറയുന്നു. മേഖലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിൽ 27 ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദേരാ ഇസ്മയിൽ ഖാനിലെ സ്കൂളുകളും കോളജുകളും പൂട്ടി.
ചാവേർ ദൗത്യമാണ് സൈനികതാവളത്തിൽ നടത്തിയതെന്ന് തെഹ്രിക് ഇ ജിഹാദ് വക്താവ് മുല്ലാ ഖ്വാസിം പറഞ്ഞു. പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാനുമായി അടുത്ത ബന്ധമുള്ള തെഹ്രിക് ഇ ജിഹാദ് (ടിജെപി) ഈവർഷമാദ്യമാണ് പ്രവർത്തനം തുടങ്ങിയതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
നവംബർ നാലിന് ഈ സംഘടന മിയാൻവാലി വ്യോമസേനാ പരിശീലന കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിൽ ഉപയോഗശൂന്യമായ മൂന്നു വിമാനങ്ങൾക്കു കേടുപാടുണ്ടായിരുന്നു. എല്ലാ തീവ്രവാദികളെയും സൈന്യം വധിച്ചു.