വെടിനിർത്തൽ ലംഘിച്ചത് ഹമാസ്: നെതന്യാഹു
Saturday, December 2, 2023 1:09 AM IST
ടെൽ അവീവ്: വെടിനിർത്തൽ ലംഘിച്ചത് ഹമാസാണെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു.
കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചതു വെടിനിർത്തൽ ധാരണയുടെ ലംഘനമാണ്. ധാരണയനുസരിച്ച് എല്ലാ വനിതാ ബന്ദികളെയും മോചിപ്പിക്കാൻ ഹമാസ് തയാറായില്ല.
ഹമാസ് ഇന്നലെ രാവിലെ ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തുകയും ചെയ്തു. എല്ലാ ബന്ദികളുടെയും മോചനം, ഹമാസിന്റെ ഉന്മൂലനം എന്നീ ലക്ഷ്യങ്ങൾ നേടാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം, വടക്കൻ ഗാസയിൽ ഇന്ധനം എത്തിക്കാമെന്ന വാഗ്ദാനം പാലിക്കാതിരുന്ന ഇസ്രയേലാണു വെടിനിർത്തൽ ലംഘിച്ചതെന്നു ഹമാസ് ആരോപിച്ചു.