ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിനു ബുക്കർ പുരസ്കാരം
Tuesday, November 28, 2023 12:47 AM IST
ലണ്ടൻ: ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന്റെ ‘പ്രോഫെറ്റ് സോംഗ്’ എന്ന നോവലിന് 2023ലെ ബുക്കർ പുരസ്കാരം. നാൽപ്പത്തിയാറുകാരനായ ലിഞ്ചിന്റെ അഞ്ചാമത്തെ പുസ്തകമാണിത്. 50,000 പൗണ്ട് ആണു പുരസ്കാരം. ഒരു സാങ്കൽപ്പിക സർക്കാർ സേച്ഛാധിപത്യത്തിലേക്കു മാറുന്പോൾ രാജ്യത്തു സംഭവിക്കുന്ന ദുരന്തവും ഒരു കുടുംബം ആ സാഹചര്യത്തെ നേരിടുന്നതുമാണ് പ്രോഫെറ്റ് സോംഗിന്റെ ഇതിവൃത്തം. ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ആറു പുസ്തകങ്ങളിൽനിന്നാണ് പ്രോഫെറ്റ് സോംഗ് തെരഞ്ഞെടുക്കപ്പെട്ടത്.
ബുക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ അയർലൻഡുകാരനാണ് ലിഞ്ച്. ഐറിസ് മർഡോക്, ജോൺ ബാൻവിൽ, റോഡി ഡോയൽ, ആനി എന്റൈറ്റ് എന്നിവരാണു മുന്പ് ബുക്കർ പുരസ്കാരം നേടിയ ഐറിഷ് എഴുത്തുകാർ.
റെഡ് സ്കൈ ഇൻ മോണിംഗ് ആണ് ലിഞ്ചിന്റെ ആദ്യ നോവൽ. ദി ബ്ലാക്ക് സ്നോ, ഗ്രേസ് ബിയോണ്ട് ദ സീ എന്നിവയാണു മറ്റു നോവലുകൾ. നേരത്തേ ഇദ്ദേഹം അയർലൻഡിലെ സൺഡേ ട്രിബ്യൂൺ പത്രത്തിൽ സിനിമാ നിരൂപകനായിരുന്നു.
കഴിഞ്ഞ വർഷത്തെ ബുക്കർ പുരസ്കാര ജേതാവും ശ്രീലങ്കൻ എഴുത്തുകാരനുമായ ഷേഹാൻ കരുണതിലകയിൽനിന്നാണ് പോൾ ലിഞ്ച് പുരസ്കാരം ഏറ്റുവാങ്ങിയത്. ലണ്ടനിലെ ബില്ലിംഗ്സ്ഗേറ്റിലായിരുന്നു പുരസ്കാര വിതരണച്ചടങ്ങ് നടന്നത്.
ഇന്ത്യൻ വംശജയായ ചേതന മാരുവിന്റെ ‘വെസ്റ്റേൺ ലെയ്ൻ’ ഉൾപ്പെടെ ആറു കൃതികളിൽനിന്നാണു പോൾ ലിഞ്ചിന്റെ പ്രോഫെറ്റ് സോംഗ് ബുക്കർ പുരസ്കാരം നേടിയത്. സാറാ ബേൺസ്റ്റെയിന്റെ ‘സ്റ്റഡി ഫോർ ഒബിഡിയൻസ്’, ജൊനാഥൻ എസ്കോഫെറിയുടെ ‘ഇഫ് ഐ സർവൈവ് യു’, പോൾ ഹാർഡിംഗിന്റെ ‘ദ അതർ ഈഡൻ’, പോൾ മറെയുടെ ‘ദി ബീ സ്റ്റിംഗ്’ എന്നിവയാണു ചുരുക്കപ്പട്ടികയിലെത്തിയ മറ്റു കൃതികൾ.