നാനാത്വത്തിൽ ഏകത്വം കണ്ടെത്താൻ മാർപാപ്പയുടെ ആഹ്വാനം
Thursday, September 28, 2023 1:59 AM IST
വത്തിക്കാൻ സിറ്റി: നാനാത്വത്തിൽ ഏകത്വം കണ്ടെത്തണമെന്നും ലോകത്തെ നയിക്കേണ്ടത് അതാകണമെന്നും ഫ്രാൻസിസ് മാർപാപ്പ. രാജ്യങ്ങൾക്കിടയിൽ പലതരത്തിലുള്ള വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ ഇതിലും സാഹോദര്യം കണ്ടെത്താൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സൗന്ദര്യമെന്നും മാർപാപ്പ പറഞ്ഞു.
പൊന്തിഫിക്കൽ കമ്മീഷൻ ഫോർ ലാറ്റിൻ അമേരിക്കയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പാസ്റ്ററൽ സ്റ്റഡീസും ഷിക്കാഗോ യൂണിവേഴ്സിറ്റിയുടെ ഓഫീസ് ഫോർ ഗ്ലോബൽ ആൻഡ് കമ്മ്യൂണിറ്റി എൻഗേജ്മെന്റും ചേർന്നു സംഘടിപ്പിക്കുന്ന “ബിൽഡിംഗ് ബ്രിഡ്ജസ് ഇനിഷ്യേറ്റീവി’’ന്റെ മൂന്നാം എഡിഷനിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥി-അധ്യാപക പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
വർഗീയവാദികളിൽനിന്ന് മുൻവിധിയോടെയുള്ള വിവേചനങ്ങളും പീഡനങ്ങളും നേരിടേണ്ടിവരുന്നുണ്ടെന്ന് സംവാദത്തിൽ പങ്കെടുത്ത ക്രൈസ്തവ വിദ്യാർഥികളായ ഡൽഹി സ്വദേശിനി ഫ്ളോറിന, നേപ്പാൾ സ്വദേശിനി നിയറ, പാക്കിസ്ഥാൻ സ്വദേശിനി ഷെറിൽ എന്നിവർ ചൂണ്ടിക്കാട്ടി. അചഞ്ചലമായ വിശ്വാസമാണു തങ്ങളുടേതെന്നു വ്യക്തമാക്കിയ അവർ മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കാനാകാത്ത തങ്ങളുടെ നിസഹായാവസ്ഥ മാർപാപ്പയോടു വിശദീകരിച്ചു. ഈ യുവതികളുടെ വിശ്വാസസ്ഥൈര്യം തന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചെന്ന് മറുപടിയായി മാർപാപ്പ പറഞ്ഞു.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ്, ഡൽഹി ജീസസ് ആൻഡ് മേരി കോളജ്, ചെന്നൈ ലയോള കോളജ്, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബംഗളൂരു സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റി, ലാഹോറിലെ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്, കാഠ്മണ്ഡു സെന്റ് സേവ്യേഴ്സ് കോളജ് എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരുമാണ് സംവാദത്തിൽ പങ്കെടുത്തത്.
ഈ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 12 വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ചു പ്രാഥമിക ചർച്ചകൾ നടത്തിയശേഷം ക്രോഡീകരിച്ച ആശയങ്ങൾ മാർപാപ്പയ്ക്കുമുന്നിൽ അവതരിപ്പിച്ചു. 12 വർക്കിംഗ് ഗ്രൂപ്പുകളിൽനിന്നായി ഒന്നുവീതം വിദ്യാർഥിപ്രതിനിധികളും ആറ് അധ്യാപക പ്രതിനിധികളുമാണ് മാർപാപ്പയുമായുള്ള വെർച്വൽ സംവാദത്തിൽ പങ്കെടുത്തത്.