ഇറാനും അമേരിക്കയും തടവുകാരെ കൈമാറി
Tuesday, September 19, 2023 12:15 AM IST
ടെഹ്റാൻ: ബന്ധശത്രുക്കളായ അമേരിക്കയും ഇറാനും പരസ്പരം തടവുകാരെ കൈമാറി. ചാരവൃത്തി അടക്കമുള്ള കുറ്റങ്ങൾക്കു ജയിലിലടച്ച നാലു പുരുഷന്മാരെയും ഒരു വനിതയെയുമാണ് ഇറാൻ മോചിപ്പിച്ചത്.
ഇവർക്ക് ഇറാന്റെയും അമേരിക്കയുടെയും പൗരത്വമുണ്ട്. ഇറേനിയൻ സർക്കാരിനുവേണ്ടി പ്രവർത്തിച്ചതിനു തടവിലാക്കപ്പെട്ട അഞ്ചു പേരെയാണ് അമേരിക്ക മോചിപ്പിച്ചത്. ഇതിനു പുറമേ ഉപരോധങ്ങളുടെ ഭാഗമായി തടഞ്ഞുവച്ച ഇറാന്റെ 600 കോടി ഡോളർ അമേരിക്ക വിട്ടുനല്‍കി.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയാണ് എല്ലാം സാധ്യമായത്. അമേരിക്കൻ പൗരന്മാരെ ഖത്തർ വിമാനത്തിൽ ടെഹ്റാനിൽനിന്നു ദോഹയിലെത്തിച്ചു. ഇവരിൽ മൂന്നു പേരുടെ വിവരങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.
2015ൽ അറസ്റ്റിലായ ക്രെസന്റ് പെട്രോളിയം ജീവനക്കാരൻ സിയാമാക് നമാസി (51), 2018ൽ അറസ്റ്റിലായ ബിസിനസുകാരൻ ഇമാദ് ഷാർഗി (58), പരിസ്ഥിതി പ്രവർത്തകനായ മൊറാദ് തഹ്ബാസ് (67) എന്നിവരാണവർ.
കാവേ ലോത്ഫോലാക്, മെഹർദാദ് മോയിൻ, അമീൻ ഹസൻസാദേ, റേസ സർഹാംഗ്പുർ കഫ്രാനി, കാംബിസ് കഷാനി എന്നീ ഇറാൻകാരെയാണ് അമേരിക്ക മോചിപ്പിച്ചത്. ഇതിൽ രണ്ടു പേരേ ഇറാനിലേക്കു മടങ്ങുന്നുള്ളൂ. രണ്ടു പേർ അമേരിക്കയിൽ തുടരാനായും ഒരാൾ മറ്റൊരു രാജ്യത്തേക്കു പോകാനുമാണു തീരുമാനിച്ചത്.
ദക്ഷിണകൊറിയയ്ക്ക് എണ്ണ വിറ്റതിന് ഇറാനു ലഭിക്കേണ്ട 600 കോടി ഡോളറാണ് അമേരിക്ക വിട്ടുനല്‍കിയത്. തുക ദോഹയിലെ ഇറേനിയൻ അക്കൗണ്ടുകളിൽ എത്തിയശേഷമാണ് അമേരിക്കൻ തടവുകാരെ ടെഹ്റാനിലെ വിമാനത്താവളത്തിലെത്തിച്ചത്.
ഭക്ഷണം, മരുന്ന് തുടങ്ങിയവ പോലുള്ള ആവശ്യങ്ങൾക്കേ തുക ഉപയോഗിക്കാവൂ എന്ന് അമേരിക്ക നിർദേശിച്ചെങ്കിലും അക്കാര്യം ഇറാൻ തീരുമാനിക്കുമെന്നു പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രതികരിച്ചു.
ഖത്തറിന്റെ മധ്യസ്ഥതയിൽ ഏറെ വൈഷമ്യം പിടിച്ച ചർച്ചകൾക്കൊടുവിലാണ് അമേരിക്കയും ഇറാനും തടവുകാരെ കൈമാറാൻ സമ്മതിച്ചത്.
ഓഗസ്റ്റ് പത്തിന് ഇതിനു ധാരണയായിരുന്നു. ഇതിനു പിന്നാലെ ഇറാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ കഴിഞ്ഞിരുന്ന അമേരിക്കക്കാരെ വീട്ടുതടങ്കലിലേക്കു മാറ്റിയിരുന്നു. ഇറേനിയൻ സർക്കാരിനെ വിമർശിക്കുന്ന ബുദ്ധിജീവികളാലും വിദ്യാർഥികളാലും നിറഞ്ഞ ജയിലിനെ എവിൻ സർവകലാശാല എന്നാണു വിളിക്കുന്നത്.