ഇന്ത്യ ക്ലബ് ഇന്നു പൂട്ടും
Sunday, September 17, 2023 12:24 AM IST
ലണ്ടൻ: ഇന്ത്യൻ ദേശീയതയുമായി ഏറെ ബന്ധമുള്ള ലണ്ടനിലെ ഇന്ത്യ ക്ലബ് ഇന്ന് അടച്ചുപൂട്ടും. ക്ലബ് സ്ഥിതി ചെയ്യുന്ന സ്ട്രാൻഡ് കോണ്ടിനെന്റൽ ഹോട്ടൽ നവീകരണത്തിനായി പൊളിക്കുന്നത് തടയാനുള്ള നീക്കങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണിത്.
സ്വാതന്ത്ര്യത്തിനായി ലണ്ടനിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യ ലീഗ് ആണ് പിന്നീട് ഇന്ത്യ ക്ലബ്ബായി മാറിയത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് ഹൈക്കീഷണറായ വി.കെ. കൃഷ്ണമേനോന്റെ നേതൃത്വത്തിൽ 1951ൽ ലീഗിനെ ഇന്ത്യ ക്ലബ്ബായി മാറ്റുകയായിരുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം.
ആദ്യകാലത്ത് ബ്രിട്ടനിലേക്കു കുടിയേറിയ ഇന്ത്യക്കാരുടെ സ്ഥിരം ഒത്തുചേരൽ താവളമായിരുന്നു ക്ലബ്. ബ്രിട്ടനിലെ ആദ്യകാല ഇന്ത്യൻ റസ്റ്ററന്റ് കൂടിയായ ക്ലബ്ബിൽ ദോശയടക്കമുള്ള ഭക്ഷണങ്ങൾ ലഭ്യമായിരുന്നു. ചുവരുകൾ ഇന്ത്യൻ നേതാക്കളുടെ ചിത്രങ്ങളാൽ അലംകൃതമാണ്.
പാഴ്സി വംശജനായ യദ്ഗർ മർക്കെറാണ് നിലവിൽ ക്ലബ്ബിന്റെ ഉടമ. അദ്ദേഹത്തിന്റെ മകൾ ഫിറോസ മർക്കറാണ് മാനേജർ. പൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചശേഷം ക്ലബ്ബിൽ തിരക്കൊഴിഞ്ഞിട്ടു നേരമില്ലെന്നാണ് ഫിറോസ പറഞ്ഞത്. ക്ലബ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതായും അവർ കൂട്ടിച്ചേർത്തു.