റഷ്യൻ ആണവമിസൈൽ ബലാറൂസിൽ വിന്യസിച്ചു: പുടിൻ
Sunday, June 18, 2023 1:23 AM IST
സെന്റ് പീറ്റേഴ്സ്ബെർഗ്: മുൻ തീരുമാനം അനുസരിച്ച് അയൽരാജ്യമായ ബെലാറൂസിൽ അണ്വായുധ മിസൈലുകൾ വിന്യസിച്ചു തുടങ്ങിയതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. റഷ്യയെ തോല്പിക്കാമെന്നു കരുതുന്നവർക്കുള്ള മുന്നറിയിപ്പാണിത്.
റഷ്യക്കോ റഷ്യൻ പ്രദേശങ്ങൾക്കോ ഭീഷണിയുണ്ടായാൽ മാത്രമേ അണ്വായുധം പ്രയോഗിക്കൂവെന്നും സെന്റ് പീറ്റേഴ്സ്ബെർഗിലെ സാന്പത്തിക ഉച്ചകോടിയിൽ പുടിൻ പറഞ്ഞു. റഷ്യ കയ്യടക്കിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനായി യുക്രെയ്ൻ നടത്തുന്ന പ്രത്യാക്രമണം വിജയം കാണില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രഹരശേഷി കുറഞ്ഞ ടാക്ടിക്കൽ ഇനത്തിൽപ്പെട്ട അണ്വായുധങ്ങളാണ് ബെലാറൂസിൽ വിന്യസിച്ചിരിക്കുന്നത്. ഒന്നുമുതൽ 100 വരെ കിലോ ടൺ സ്ഫോടകശേഷിയുള്ള അണ്വായുധങ്ങളാണിവ. ഹിരോഷിമയിൽ അമേരിക്കയിട്ട ആറ്റംബോംബിന്റെ ശേഷി 15 കിലോടൺ ആയിരുന്നു.
യുക്രെയ്നു പുറമേ നാറ്റോ അംഗങ്ങളായ പോളണ്ട്, ലിത്വാനിയ, ലാത്വിയ രാജ്യങ്ങളുമായി ബെലാറൂസിന് അതിർത്തിയുണ്ട്.
അതേസമയം, റഷ്യ അണ്വായുധം പ്രയോഗിക്കാൻ സാധ്യതയില്ലെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചത്. ഇതിനിടെ സമാധാനദൗത്യവുമായി എത്തിയ ആഫ്രിക്കൻ സംഘം ഇന്നലെ പുടിനുമായി ചർച്ച നടത്തി.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൾ റാമഫോസ അടക്കമുള്ളവർ ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി ചർച്ച നടത്തിയിരുന്നു. അധിനിവേശ പ്രദേശങ്ങളിൽനിന്നു പിന്മാറാതെ റഷ്യയുമായി ചർച്ചയില്ലെന്ന് സെലൻസ്കി വ്യക്തമാക്കി.