ദേവ് ഷായ്ക്ക് സ്പെല്ലിംഗ് ബീ കിരീടം
Friday, June 2, 2023 11:40 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഇന്ത്യൻ വംശജരായ കുട്ടികളുടെ ആധിപത്യം തുടരുന്നു. ഫ്ലോറിഡയിലെ ലാർഗോ സ്വദേശിയായ പതിനാലുകാരൻ ദേവ് ഷാ ആണ് ഇത്തവണ കിരീടം ഉയർത്തിയത്. അവസാന റൗണ്ടിൽ psammophile എന്ന വാക്കിലെ അക്ഷരങ്ങളാണു ദേവ് കൃത്യമായി പറഞ്ഞത്.
വിർജീനിയയിലെ ആർലിംഗ്ടൺ സ്വദേശി ഷാർലറ്റ് വാൽഷ് (14) ആണു രണ്ടാം സ്ഥാനം നേടിയത്. ഫൈനൽ റൗണ്ടിൽ മത്സരിച്ച 11 പേരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായിരുന്നു.
മൂന്നു മാസം ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചു തയാറെടുത്തതിന്റെ ഫലമാണ് കിരീടമെന്നു ദേവ് പ്രതികരിച്ചു. 2019, 2021 വർഷങ്ങളിലും ദേവ് മത്സരിച്ചിരുന്നെങ്കിലും 51, 76 സ്ഥാനങ്ങളാണു യഥാക്രമം ലഭിച്ചത്.
അമേരിക്കൻ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമുള്ള ഇന്ത്യൻ വംശജരാണു കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സ്പെല്ലിംഗ് ബീയിൽ മുന്നിലെത്തുന്നത്.
കഴിഞ്ഞവർഷം ടെക്സസിൽനിന്നുള്ള ഹരിണി ലോഗൻ ഒന്നാം സ്ഥാനവും വിക്രം രാജു രണ്ടാം സ്ഥാനവും നേടിയിരുന്നു.