പ്രധാനമന്ത്രിക്കെതിരേ പരിഹാസവുമായി രാഹുൽഗാന്ധി
Thursday, June 1, 2023 1:48 AM IST
സാന്താ ക്ലാര(യുഎസ്): പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ദൈവത്തേക്കാൾ കൂടുതൽ തനിക്കറിയാമെന്നു വിചാരിക്കുന്നയാളാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു രാഹുൽ പരിഹസിച്ചു. അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്തെ സാന്താ ക്ലാരയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ് എ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
എല്ലാ കാര്യങ്ങളും തനിക്കറിയാമെന്ന് വിചാരിക്കുന്ന ഒരു സംഘം ആളുകൾ ഇന്ത്യയിലുണ്ട്. നമ്മുടെ പ്രധാനമന്ത്രിയും അത്തരം ഒരാളാണ്. ദൈവത്തോടൊപ്പം ഇരിക്കുകയാണെങ്കിൽ ഈ പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മോദി വിശദീകരിക്കും. ഇതു കേൾക്കുന്പോൾ താൻ എന്താണു സൃഷ്ടിച്ചതെന്നു ദൈവം ആശയക്കുഴപ്പത്തിലാകും.
ചരിത്രകാരന്മാരോടു ചരിത്രത്തെകുറിച്ചും ശാസ്ത്രജ്ഞരോടു ശാസ്ത്രത്തെക്കുറിച്ചും സൈനികരോടു യുദ്ധത്തെക്കുറിച്ചും വിശദീകരിക്കാൻ തങ്ങൾക്കാകുമെന്ന് അവർ വിചാരിക്കുന്നു. ഒന്നിനെക്കുറിച്ചും അറിവില്ലെങ്കിലും എല്ലാത്തിലും അറിവുണ്ടെന്നു നടിക്കുകയാണു മോദി-രാഹുൽ പറഞ്ഞു.
തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ മോദിയും കേന്ദ്ര സർക്കാരും പരിഗണിക്കുന്നില്ല. ദരിദ്രരും ന്യൂനപക്ഷ വിഭാഗങ്ങളും ഇന്ത്യയിൽ ഇക്കാലത്ത് നിസ്സഹായാവസ്ഥയിലാണ്. പ്രതിപക്ഷം യോജിപ്പോടെ നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന് രാഹുൽഗാന്ധി പറഞ്ഞു.
കർണാടകയിൽ തികച്ചും വ്യത്യസ്തമായ സമീപനമാണു കോൺഗ്രസ് സ്വീകരിച്ചത്. കർണാടകയിൽ കോൺഗ്രസിനേക്കാൾ പത്തിരട്ടിയിലധികം പണം ബിജെപി ചെലവഴിച്ചു. - രാഹുൽ കൂട്ടിച്ചേർത്തു. നിറഞ്ഞ കരഘോഷത്തോടെയാണു സദസിലുണ്ടായിരുന്നവർ രാഹുലിന്റെ വാക്കുകൾ സ്വീകരിച്ചത്.
സിലിക്കൺ വാലിയിൽനിന്നുള്ളവർ മാത്രമല്ല, ലോസ് ഏഞ്ചൽസ്, കാനഡ എന്നിവിടങ്ങളിൽനിന്നുള്ളവരും രാഹുലിന്റെ പരിപാടിക്കെത്തിയിരുന്നുവെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് മൊഹിന്ദർ സിംഗ് ഗിൽസിയാൻ പറഞ്ഞു.
ഏതാനും ഖലിസ്ഥാൻ അനുകൂലികൾ രാഹുലിന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചെങ്കിലും സുരക്ഷാസൈനികർ തടഞ്ഞു. ചൊവ്വാഴ്ചയാണ് സന്ദർശനത്തിനു രാഹുൽഗാന്ധി അമേരിക്കയിലെത്തിയത്.
ഇന്ത്യൻ ഓവർസീസ് ചെയർപേഴ്സൺ സാം പിത്രോദയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അമേരിക്കയിൽ ഇന്ത്യൻ വംശജരുമായും അമേരിക്കൻ ജനപ്രതിനിധികളുമായും രാഹുൽ കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രാഹുൽഗാന്ധി നടത്തിയ പരാമർശത്തിനെതിരേ ബിജെപി രംഗത്തെത്തി. ‘വ്യാജ ഗാന്ധി’ എന്നാണു കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി രാഹുലിനെ പരിഹസിച്ചത്. ഒരു കാര്യത്തെക്കുറിച്ചു ഒന്നും അറിയാത്ത ആൾ എല്ലാത്തിലും വിദഗ്ധനാണെന്നു നടിക്കുകയാണെന്നു പ്രഹ്ലാദ് ജോഷി പറഞ്ഞു.