ലിബിയയിൽ 23 ഐഎസ് ഭീകരർക്കു വധശിക്ഷ
Wednesday, May 31, 2023 12:45 AM IST
ട്രിപ്പോളി: 2015ൽ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവരുടെ തലയറുത്ത നിഷ്ഠുര കൃത്യത്തിൽ പങ്കുള്ള 23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലിബിയൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. 14 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഒരാൾക്ക് 12 വർഷം തടവും ആറു പേർക്കു പത്തു വർഷവും കോടതി വിധിച്ചു.
ഇറാക്ക്-സിറിയ മേഖലയ്ക്കു പുറത്ത് ഐഎസിന് ഏറ്റവും സ്വാധീനമുള്ള രാജ്യമായിരുന്നു ലിബിയ.
ഈജിപ്ഷ്യൻ ക്രൈസ്തവരുടെ തലയറുത്ത സംഭവത്തിനു മുന്പ് ട്രിപ്പോളിയിലെ കൊറിന്ത്യ ഹോട്ടലിൽ ഐഎസ് നടത്തിയ ആക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെട്ടിരുന്നു.
കിഴക്കൻ ലിബിയയിലെ ബെൻഗാസി, ദെർണ, അജ്ദാബിയ എന്നീ പ്രവിശ്യകൾ പിടിച്ചെടുത്ത ഐഎസ് മധ്യ തീര നഗരമായ സിർതേയും വൈകാതെ നിയന്ത്രണത്തിലാക്കി.
2016 അവസാനം വരെ ഈ പ്രവിശ്യകളുടെ നിയന്ത്രണം ഐഎസിനായിരുന്നു. പിന്നീട് മേഖലയിൽ ഐഎസിനു സ്വാധീനം കുറഞ്ഞുവന്നു.