ഓസ്ട്രേലിയൻ പോലീസ് വൈദ്യുതാഘാതം ഏല്പിച്ച തൊണ്ണൂറ്റഞ്ചുകാരി മരിച്ചു
Thursday, May 25, 2023 1:07 AM IST
കാൻബറ: ഓസ്ട്രേലിയൻ പോലീസ് ടേസർ ഗൺ ഉപയോഗിച്ച് വൈദ്യുതാഘാതമേല്പിച്ച തൊണ്ണൂറ്റഞ്ചുകാരി ക്ലെയർ നൗലാൻഡ് പരിക്കുകളെത്തുടർന്നു മരിച്ചു. കൂമ പട്ടണത്തിലെ വൃദ്ധസദനത്തിൽ കഴിഞ്ഞിരുന്ന ഇവർക്കു നേർക്കു ബുധനാഴ്ചയുണ്ടായ പോലീസ് അതിക്രമം ഏറെ വിമർശനവിധേയമായിരുന്നു.
ഇവർ വൃദ്ധസദനവളപ്പിൽ കത്തിയുമായി കറങ്ങിനടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് എത്തിയതെന്നു പോലീസ് പറയുന്നു. കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും അതിനാലാണ് വൈദ്യുതാഘാതമേല്പിച്ചതെന്നും അവകാശപ്പെട്ടു.
എന്നാൽ നടക്കാൻ സഹായിക്കുന്ന വാക്കിംഗ് ഫ്രേം ഉപയോഗിച്ചിരുന്ന ഇവർ വളരെ പതുക്കെയാണു പോലീസിനടുത്തേക്കു വന്നതെന്നു പിന്നീട് തിരുത്തുകയുണ്ടായി. വൈദ്യുതാഘാതമേറ്റ വൃദ്ധ തലയിടിച്ചുവീണ് തലച്ചോറിൽ രക്തപ്രവാഹമുണ്ടായി. ഇന്നലെ ബന്ധുക്കളുടെ സാമീപ്യത്തിലാണ് മരണം സംഭവിച്ചത്.
ടേസർ ഗൺ പ്രയോഗിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്യുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വൃദ്ധയുടെ മരണത്തിൽ ന്യൂ സൗത്ത് വെയിൽസ് പോലീസ് അനുശോചനം അറിയിച്ചു.