ഇന്തോ-പസഫിക് ഐലന്‍ഡ് ഉച്ചകോടി: സഹകരണത്തിൽ അഭിമാനമെന്നു മോദി
Tuesday, May 23, 2023 1:01 AM IST
പോർട്ട് മോസ്ബെ: പസഫിക് ദ്വീപ് രാജ്യങ്ങളുടെ വികസനപങ്കാളിയായതിൽ ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനുഷികമൂല്യങ്ങളിൽ അധിഷ്ഠിതമായ വികസനത്തിൽ ഇന്ത്യയെ വിശ്വസനീയ പങ്കാളിയായി പരിഗണിക്കാമെന്ന് ദ്വീപ് രാജ്യങ്ങൾക്കു പ്രധാനമന്ത്രി ഉറപ്പു നൽകി.
ഇന്ത്യയുടെ സംവിധാനങ്ങളും പരിചയവും ഒരുമടിയും കൂടാതെ പങ്കുവയ്ക്കാൻ സന്നദ്ധമാണ്- ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോർപറേഷന്റെ (എഫ്ഐപിഐസി) മൂന്നാമത് ഉച്ചകോടിയിൽ മോദി പറഞ്ഞു.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും അഖണ്ഡതയെയും ഇന്ത്യ അംഗീകരിക്കും. സ്വതന്ത്രവും തുറന്നതുമായ പസഫിക് മേഖല പസഫിക് ദ്വീപ് രാജ്യങ്ങളുടെ അവകാശമാണെന്നും മേഖലയിൽ ആധിപത്യത്തിനുള്ള ചൈനയുടെ ശ്രമങ്ങളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പറഞ്ഞു. പാപ്പുവ ന്യൂ ഗിനിയയുടെ തലസ്ഥാനമായ പോർട്ട്മോസ്ബെയിൽ നടന്ന ഉച്ചകോടിയിൽ പതിനാല് രാജ്യങ്ങളുടെയും നേതൃത്വം പങ്കെടുത്തു.