ഹിരോഷിമയിൽ മോദി-സെലൻസ്കി കൂടിക്കാഴ്ച: സമാധാനത്തിന് സഹായിക്കാൻ ഇന്ത്യ തയാർ
Sunday, May 21, 2023 1:04 AM IST
ഹിരോഷിമ: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്രവും ചർച്ചയുംകൊണ്ടു മാത്രമേ റഷ്യ-യുക്രെയ്ൻ സംഘർഷത്തിനു പരിഹാരമുണ്ടാകൂ എന്നും സമാധാനത്തിനുള്ള ഏതു ശ്രമങ്ങളിലും പങ്കുവഹിക്കാൻ ഇന്ത്യ തയാറാണെന്നും ജപ്പാനിലെ ഹിരോഷിമയിൽ ജി-7 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിൽ സെലൻസ്കിയോടു മോദി പറഞ്ഞു.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ റഷ്യൻ സേന യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചശേഷം ആദ്യമായിട്ടാണ് ഇരുവരും നേരിട്ടു കൂടിക്കാഴ്ച നടത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു.
“യുക്രെയ്ൻ യുദ്ധം ലോകത്തെ മുഴുവൻ ബാധിക്കുന്ന വിഷയമാണ്. എന്നുവച്ച് അതിനെ സാന്പത്തികമോ രാഷ്ട്രീയമോ ആയ വിഷയമായിട്ടല്ല ഞാൻ കാണുന്നത്. എന്നെ സംബന്ധിച്ച് അത് മനുഷ്യത്വവുമായും മാനുഷികമൂല്യങ്ങളുമായും ബന്ധപ്പെട്ട വിഷയമാണ്. യുദ്ധത്തിന്റെ ദുരിതളെക്കുറിച്ച് എന്നേക്കാൾ നന്നായി നിങ്ങൾക്കറിയാം.
യുക്രെയ്നിൽനിന്നു മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർഥികൾ വിവരിച്ചതിൽനിന്ന് അവിടത്തെ ജനത അനുഭവിക്കുന്ന വേദനകൾ ഞാൻ മനസിലാക്കിയതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനു കഴിയുന്ന എന്തു സഹായവും ചെയ്യാൻ സന്നദ്ധമാണെന്ന് ഇന്ത്യയും വ്യക്തിപരമായി ഞാനും ഉറപ്പു നല്കുന്നു.”- കൂടിക്കാഴ്ചയിൽ മോദി സെലൻസികയോടു പറഞ്ഞു.
റഷ്യക്കെതിരായ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായിട്ടാണ് സെലൻസി ജി-7 ഉച്ചകോടിക്കെത്തിയത്. കഴിഞ്ഞദിവസം സൗദിയിലെ ജിദ്ദയിലെത്തി അറബ് ലീഗ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ചില അറബ് രാജ്യങ്ങൾക്ക് റഷ്യക്കെതിരേ നിലപാടെടുക്കാന് മടിയാണെന്ന് അദ്ദേഹം വിമർശിച്ചു. സൗദിയും മധ്യസ്ഥതയ്ക്കു സന്നദ്ധത അറിയിക്കുകയാണുണ്ടായത്.