അമേരിക്കയിലും ഖാലിസ്ഥാൻ വിഘടനവാദികളുടെ അക്രമം
Tuesday, March 21, 2023 1:47 AM IST
ന്യൂഡൽഹി: ഇംഗ്ലണ്ടിനു പിന്നാലെ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോണ്സുലേറ്റിൽ ഖാലിസ്ഥാൻ വാദികളായ സിക്കുകാർ അക്രമണം നടത്തിയത് കേന്ദ്രസർക്കാരിനെ ഞെട്ടിച്ചു.
സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോണ്സുലേറ്റിലേക്ക് ഇരച്ചുകയറിയ അക്രമികൾ ചില്ലുകൾ അടിച്ചുതകർക്കുകയും അമൃത്പാലിനെ മോചിപ്പിക്കണമെന്ന് ഭിത്തിയിൽ സ്പ്രേ പെയിന്റു കൊണ്ട് എഴുതിവയ്ക്കുകയും ചെയ്തു. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ ഇന്ത്യക്കാരെ അക്രമിച്ച ഖാലിസ്ഥാൻ വാദികളായ ആറ് സിക്കുകാരുടെ ഫോട്ടോകൾ ഇന്നലെ ഓസ്ട്രേലിയൻ പോലീസ് പുറത്തുവിട്ടു.
പോലീസ് വലയിൽനിന്നു രക്ഷപ്പെട്ട ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനായുള്ള തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഇംഗ്ലണ്ടിലും അമേരിക്കയിലും ഓസ്ട്രേലിയയിലും സിക്ക് തീവ്രവാദികൾ ദേശീയ പതാകയ്ക്കും ഇന്ത്യൻ കാര്യാലയങ്ങൾക്കുംനേരേ അക്രമം നടത്തിയതും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയതും കേന്ദ്രസർക്കാരിന് തലവേദനയായി.
വിദേശങ്ങളിലെ സിക്കുകാരുടെ പിന്തുണ തീവ്രവാദികൾക്കു കൂടി വരുന്നതും അമൃത്പാൽ സിംഗിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ വൈകുന്നതും സർക്കാരിനു നാണക്കേടും തിരിച്ചടിയുമാണ്. സൗഹൃദ രാജ്യങ്ങൾ പോലും ഇന്ത്യൻ കാര്യാലയങ്ങൾക്കു സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയതു ഗുരുതരമാണെന്ന് മുൻ വിദേശകാര്യ സഹമന്ത്രി ശശി തരൂർ പറഞ്ഞു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ത്രിവർണ പതാക താഴെയിറക്കി ഖാലിസ്ഥാൻ അനുകൂല പതാക ഉയർത്തിയതിൽ സുരക്ഷാ വീഴ്ച ഉണ്ടായതിൽ ഡൽഹിയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ക്രിസ്റ്റീന സ്കോട്ടിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.
ഓസ്ട്രേലിയയിൽ അക്രമം ഉണ്ടായ സാഹചര്യത്തിൽ ലണ്ടനിലും അമേരിക്കയിലും സുരക്ഷ കർശനമാക്കാതിരുന്നതിന് വിശദീകരണമില്ല. ലണ്ടനിൽ തീവ്രവാദികൾ ഇന്ത്യൻ പതാക താഴെയിറക്കിയ സംഭവത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ഇന്നലെ അപലപിച്ചു. ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിനു മുന്നിൽ ഇന്ത്യൻ ജീവനക്കാർ ഇന്നലെ കൂറ്റൻ ത്രിവർണ പതാക പ്രദർശിപ്പിച്ചു.
അമൃത്പാലിനെ കിട്ടിയില്ല;അമ്മാവൻ കീഴടങ്ങി
പോലീസ് വലയിൽനിന്നു രക്ഷപ്പെട്ട ഖാലിസ്ഥാൻ വാദിയും തീവ്ര മതപ്രഭാഷകനുമായ അമൃത്പാൽ സിംഗിന്റെ അമ്മാവൻ ഹർജിത് സിംഗും ഡ്രൈവർ ഹർപ്രീത് സിംഗും ജലന്ധറിൽ പോലീസിനു കീഴടങ്ങി. ജലന്ധറിലെ മെഹത്പൂർ പ്രദേശത്തെ ഒരു ഗുരുദ്വാരയ്ക്ക് സമീപം ഞായറാഴ്ച രാത്രിയാണ് ഇയാൾ കീഴടങ്ങിയതെന്നു ജലന്ധർ റൂറൽ സീനിയർ പോലീസ് സൂപ്രണ്ട് സ്വരൻദീപ് സിംഗ് പറഞ്ഞു. അമൃത്പാലിന്റെ സഹായികളും അനുഭാവികളുമായ 112 പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അമൃത്പാലിനായുള്ള തെരച്ചിൽ തുടരുകയാണെന്ന് എസ്എസ്പി പറഞ്ഞു. പാക്കിസ്ഥാൻ അതിർത്തിയിലും ഹിമാചൽ പ്രദേശിലും അർധസൈനിക വിഭാഗങ്ങളും പോലീസും തെരച്ചിൽ നടത്തുന്നുണ്ട്. വിഘടവാദികൾ ചാവേർ അക്രമണങ്ങൾക്കായി വൻതോതിൽ ആയുധ ശേഖരവും യുവാക്കൾക്കു പരിശീലനവും നൽകിയിരുന്നതായി പോലീസ് പറഞ്ഞു.
കലാപ, അക്രമ സാധ്യത കണക്കിലെടുത്ത് പഞ്ചാബിൽ ഇന്റർനെറ്റ് സേവനങ്ങൾ ഇന്നലെയും വിച്ഛേദിച്ചു. ഇന്റർനെറ്റ് സേവനം ഇന്നും ലഭ്യമാകില്ല. പഞ്ചാബിലെങ്ങും പോലീസ് ഫ്ളാഗ് മാർച്ചുകളും തെരച്ചിലും നടത്തി. ’വാരിസ് പഞ്ചാബ് ദെ’ എന്ന സംഘടനയുടെ തലവന് വിദേശത്തുള്ള സിക്കുകാർ വൻതോതിൽ ആയുധങ്ങളും പണവും നൽകുന്നുണ്ട്.
ബ്രിട്ടീഷ് ഹൈക്കമ്മീഷനിൽ സിക്ക് പ്രതിഷേധം
ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമുന്നിലുള്ള ത്രിവർണപതാക കഴിഞ്ഞ ദിവസം ഖലിസ്ഥാൻ ഭീകരർ പകുതി താഴ്ത്തിക്കെട്ടിയ നടപടിയിൽ പ്രതിഷേധം അറിയിച്ച് സിക്ക് മതവിശ്വാസികൾ ഇന്നലെ ഡൽഹി ചാണക്യപുരിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനുമുന്നിൽ ഒത്തുചേർന്നു പ്രതിഷേധിച്ചു .ഭാരത് ഹമാരാ സ്വാഭിമാൻ ഹെ(ഇന്ത്യ എന്റെ അഭിമാനം) എന്നെഴുതിയ മൂവർണ പ്ലക്കാർഡുകളുമേന്തിയെത്തിയാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്.