അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്നു മാർപാപ്പ
Monday, February 6, 2023 11:58 PM IST
ജുബ: അടുത്തവർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്നു ഫ്രാൻസിസ് മാർപാപ്പ. സുഡാൻ സന്ദർശനത്തിനുശേഷമുള്ള മടക്കയാത്രയിൽ സ്പാനിഷ് നാഷണൽ റേഡിയോയുടെ പ്രതിനിധി ഹോർഹെ ബാർസിയ ആന്റെലോ ചോദിച്ച ചോദ്യത്തിനു മറുപടിയായാണു മാർപാപ്പ ഇക്കാര്യം പറഞ്ഞത്.
ചോദ്യം: അങ്ങ് അടുത്തതായി ഏതു രാജ്യമാണു സന്ദർശിക്കാൻ ആഗ്രഹിക്കുന്നത്? യാത്രയ്ക്കുശേഷം അങ്ങയുടെ ആരോഗ്യം എങ്ങനെയുണ്ട്? അങ്ങ് ആരോഗ്യവാനാണ് എന്ന് തോന്നുന്നുണ്ടോ?
ഉത്തരം: യാത്രയെക്കുറിച്ച് പറഞ്ഞാൽ, അടുത്തവർഷം ഇന്ത്യയായിരിക്കുമെന്നു ഞാൻ വിചാരിക്കുന്നു. സെപ്റ്റംബർ 29നു ഞാൻ മാർസെയിൽസിലേക്കു (ഫ്രാൻസ്) പോകും. അവിടെനിന്നു മംഗോളിയയിലേക്കു പോകാൻ സാധ്യതയുണ്ട്. എന്നാൽ അക്കാര്യം തീരുമാനമായിട്ടില്ല. ഇക്കൊല്ലം മറ്റൊന്നുണ്ടെന്ന് ഞാൻ ഓർക്കുന്നില്ല -മാർപാപ്പ പറഞ്ഞു. ലിസ്ബണിൽ പോകുന്ന കാര്യം മാർപാപ്പ സൂചിപ്പിച്ചു. ജൂലൈയിൽ ലിസ്ബണിൽ ലോക യുവജനാഘോഷം നടക്കുന്നുണ്ട്.