പ്രതിഷേധം ശമിക്കുന്നില്ല; ഇറാനിൽ വാട്സാപ്പ് നിരോധിച്ചു
Thursday, September 22, 2022 10:53 PM IST
ടെഹ്റാൻ: ഹിജാബ്വിരുദ്ധ പ്രതിഷേധം കെട്ടടങ്ങാത്ത പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ ആപ്പുകളായ ഇൻസ്റ്റഗ്രാമിനും വാട്സാപ്പിനും നിരോധനം ഏർപ്പെടുത്തി ഇറേനിയൻ സർക്കാർ.
ബുധനാഴ്ച വൈകുന്നേരം മുതൽ രണ്ട് ആപ്പുകളും ഇറാനിൽ ലഭ്യമല്ല. ഫേസ്ബുക്ക്, ട്വിറ്റർ, ടെലഗ്രാം, യൂടൂബ് മുതലായ സോഷ്യൽ മീഡിയ സംവിധാനങ്ങൾക്ക് നേരത്തേ മുതൽ നിയന്ത്രണമുണ്ട്.
ഇന്റർനെറ്റ് ഉപയോഗവും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പുറംരാജ്യങ്ങളിലെ വെബ്സൈറ്റുകൾ ലഭ്യമല്ലാതായി. ഇതിനിടെ, ഇറാനിലെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്പതായി ഉയർന്നു.
ഹിജാബ് നിയമം ലംഘച്ചതിന്റെ പേരിൽ മോറൽ പോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി മരിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ഇറേനിയൻ സർക്കാരിനോടുള്ള പരസ്യവെല്ലുവിളിയായി മാറിയിരിക്കുകയാണ്.
തലസ്ഥാനമായ ടെഹ്റാൻ അടക്കം ഒട്ടുമിക്ക പ്രമുഖ നഗരങ്ങളിലും സ്ത്രീകളടക്കം വ്യാപകമായി തെരുവിലിറങ്ങി ശിരോവസ്ത്രം ഊരിയെറിഞ്ഞും കത്തിച്ചും പ്രതിഷേധം പ്രകടിപ്പിക്കുകയാണ്. വിദേശങ്ങളിലെ ഇറേനിയൻ നയതന്ത്രകാര്യാലയങ്ങൾക്കു മുന്നിലും പ്രകടനങ്ങൾ അരങ്ങേറുന്നു.